തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്കിൽ സ്ഥിരം നിക്ഷേപമുള്ളവരെ ലക്ഷ്യമിട്ട് ചിലർ സൈബർ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ഇതിൽ വീഴരുതെന്നുമാണ് ബാങ്കിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും ഇത്തരം വിവരങ്ങൾ ചോദിച്ചു ബാങ്ക് അധികൃതർ ഒരിക്കലും ഉപഭോക്താക്കളെ വിളിക്കാറില്ലെന്നും എസ് ബി ഐ അറിയിച്ചു.
അടുത്തിടെ ബാങ്ക് തട്ടിപ്പുകൾ വർധിച്ചിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന വിവരങ്ങൾ ആരാഞ്ഞ് പിൻ നമ്പർ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബാങ്കിലെ സ്ഥിരം നിക്ഷേപകരെയാണ് ഇപ്പോൾ സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.