കേളകം: തെരഞ്ഞെടുപ്പ് കഴിഞ്ഞു. ജയിക്കുന്നവരോട് മലയോര മേഖലയിലെ ജനങ്ങൾക്ക് ഒന്നേ ചോദിക്കാനുള്ളൂ…ആന പ്രതിരോധമതിൽ നിർമാണം തുടരുമോ ? കേളകം, കൊട്ടിയൂർ, കണിച്ചാർ, മുഴക്കുന്ന് തുടങ്ങി മലയോര മേഖലയിലെ പ്രധാന പ്രശ്നമായ വന്യമൃഗശല്യത്തിനുള്ള പ്രധാന പരിഹാരം ആന പ്രതിരോധ മതിലാണ്.
നിലവിൽ അടയ്ക്കാത്തോട് കരിയംകാപ്പിലിൽ നിർമാണം അവസാനിപ്പിച്ച ആന പ്രതിരോധമതിൽ രാമച്ചിയിലേക്കും ശാന്തിഗിരിയിലേക്കും തുടർന്ന് കൊട്ടിയൂർ പഞ്ചായത്തിലേക്കും നീട്ടുമോയെന്ന ഉറപ്പാണ് നാട്ടുകാരുടെ പ്രധാനചോദ്യം. വളയംചാൽ മുതൽ – കരിയം കാപ്പ് വരെ നിർമിച്ച ആന പ്രതിരോധമതിൽ ഫലപ്രദമാണ്. ഒരിക്കൽ മാത്രമാണ് ആനമതിൽ കടന്നത്. അതും പുഴയുടെ അരികിൽ രൂപപ്പെട്ട മൺത്തിട്ടയിൽ ചവിട്ടി കടക്കുകയായിരുന്നു.
40 സെന്റിമീറ്റർ അടിത്തറയിൽ ഒരു മീറ്റർ 80 സെന്റിമീറ്റർ ഉയരമുള്ള മതിൽ പിരമിഡ് ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. മുകളിൽ 40 സെന്റിമീറ്റർ ഘനത്തിൽ കോൺക്രീറ്റ് ബീമും നല്കിയിരിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് ആനക്ക് ഇത് തകർക്കാനോ മറികടക്കാനോ കഴിയാത്തത്. 10 കിലോമീറ്റർ ദൂരം 13 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയായത്. എസ്റ്റിമേറ്റ് തുകയിലും രണ്ടു കോടി രൂപ കുറവ് നിർമാണം പൂർത്തിയാക്കാനായതിനാൽ കരിയംകാപ്പ് മുതൽ തുടർന്ന് രണ്ടു കിലോമീറ്റർ ദൂരം കൂടി ആനമതിൽ നിർമിച്ചു നല്കി കരാറുകാർ.
ഫലത്തിൽ 13 കോടി രൂപയ്ക്ക് 12 കിലോമീറ്റർ ആന പ്രതിരോധ മതിൽ പൂർത്തിയായി. സമാന രീതിയിലുള്ള മതിൽ തങ്ങൾക്കും നിർമിച്ചു നല്കുമോ എന്നാണ് പ്രദേശവാസികൾ ജയിച്ചുവരുന്നവരോട് ചോദിക്കുന്നത്.
previous post