തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് ഉൾപ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് തടയുന്നതിനും മറ്റ് അക്രമ സംഭവങ്ങൾ തടയുന്നതിനും വേണ്ടി ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിന്റെ ദൃശ്യങ്ങൾ അപ്പപ്പോൾ പട്രോളിംഗ് സംഘത്തിനും പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ കൺട്രോൾ റൂമിലും ലഭ്യമാക്കും.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 95 കമ്പനി പോലീസ് സേന വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോൾ ടീമുകൾ ഉണ്ടായിരിക്കും. ഓരോ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെട്ട ഒരു ലോ ആൻഡ് ഓർഡർ പട്രോൾ ടീം ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ഓരോ ഇലക്ഷൻ സബ് ഡിവിഷനിലും പ്രത്യേക പട്രോൾ ടീം എന്നിവയുമുണ്ട്. നക്സൽ ബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും ജാഗ്രത പുലർത്തും.