കണ്ണൂർ: സംസ്ഥാനസർക്കാർ അരിയും കിറ്റും വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് കണ്ണൂർ മണ്ഡലം സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കണ്ണൂർ ആയിക്കരയിൽ നടന്ന റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിറ്റ് കൊടുക്കുന്നതും അരി കൊടുക്കുന്നതും തടയണമെന്ന് പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ട്. വിഷുവിന് കൊടുക്കേണ്ട കിറ്റ് എന്തിന് ഏപ്രിൽ ആദ്യം കൊടുക്കുന്നു. അതിനുശേഷം കൊടുത്തൂടെ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഏപ്രിൽ നാലിന് ഈസ്റ്ററും 14ന് വിഷുവും പിന്നാലെ റംസാൻ വ്രതം ആരംഭിക്കുന്നതുകൊണ്ടുമാണ് കിറ്റ് നേരത്തെ കൊടുത്തത്. എങ്കിൽ മാത്രമേ ആഘോഷങ്ങൾക്കുമുന്പ് എല്ലാവർക്കും കിറ്റ് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് സർക്കാരിനെതിരേ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നിയോജക മണ്ഡലം പ്രസിഡന്റ് യു. ബാബുഗോപിനാഥ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ, എൽഡിഎഫ് നേതാക്കളായ കെ.പി. സഹദേവൻ, പി. സന്തോഷ്കുമാർ, പി.പി. ദിവാകരൻ, കെ.എം. ഗംഗാധരൻ, രാജേഷ്പ്രേം, ഇ.പി.ആർ. വേശാല, മുഹമ്മദ് പറക്കാട്ട് എന്നിവർ പങ്കെടുത്തു.