45 വയസിനു മുകളിൽ പ്രായമുള്ളവർക്കു കോവിഡ് വാക്സിൻ നൽകിത്തുടങ്ങുന്ന ഏപ്രിൽ ഒന്നുമുതൽ ദിവസം രണ്ടര ലക്ഷം പേർക്കു വീതം വാക്സിൻ നൽകി 45 ദിവസം കൊണ്ടു ലക്ഷ്യം കൈവരിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണു തീരുമാനം.
സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസായി എടുത്തിട്ടുള്ളവർ ആദ്യ ഡോസ് എടുത്തു കഴിഞ്ഞ് 42 ദിവസം മുതൽ 56 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കണം. കോവാക്സിൻ ആദ്യ ഡോസായി എടുത്തിട്ടുള്ളവർ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കണം.
വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകണം.