നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് 7,000 കോടിയിലേക്ക്. 4,000 കോടി രൂപ കൂടി കടമെടുക്കാൻ കടപ്പത്രം പുറപ്പെടുവിച്ചതോടെയാണു തുക ഏഴായിരത്തിലേക്ക് എത്തുന്നത്. മാർച്ച് ആദ്യം 1,000 കോടിയും പിന്നീട് 2,000 കോടിയും കടമെടുത്തിരുന്നു.
തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു സാമൂഹിക സുരക്ഷാ പെൻഷനുകൾ അടക്കം വിതരണം ചെയ്യുന്നതിനായാണു സംസ്ഥാനം കടമെടുക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 4,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുകയാണ്. ഇതിനായുള്ള ലേലം മാർച്ച് 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.