ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വരണാധികള്‍ സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയ കത്തിലാണ് കലക്ടറുടെ നിര്‍ദ്ദേശമുള്ളത്.
പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു നടത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് കത്ത്. പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിന് പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക്ക് റിബണുകള്‍ എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല.
തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍ അല്ലെങ്കില്‍ പുന:ചംക്രമണം നടത്താവുന്ന പോളി എത്തിലീന്‍ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ എന്നും കത്തില്‍ വ്യക്തമാക്കി. പോളിംഗ് ഏജന്റുമാര്‍ ഭക്ഷണം കൊണ്ടുവരുന്നതിനായി ഡിസ്‌പോസിബിള്‍സ് പാത്രങ്ങള്‍ക്കു പകരം വാഴയില, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടനെ തന്നെ അതാത് സ്ഥാനാര്‍ഥികള്‍ പരസ്യങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കുകയോ അല്ലാത്തവ പുനഃചംക്രമണ ഏജന്‍സികള്‍ക്കു കൈമാറുകയോ ചെയ്യണമെന്നും കത്തില്‍ കര്‍ശനമായി നിര്‍ദേശിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ വസ്തുക്കള്‍ നീക്കം ചെയ്യുകയും ചെലവ് സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥികള്‍ക്കുള്ള കത്ത് അവസാനിക്കുന്നത്.