പേരാവൂർ: രാജ്യത്തെ സാധാരണ ജനങ്ങൾക്ക് മുന്നിൽ മുഴുവൻ ജനക്ഷേമ പദ്ധതികളും ആവിഷ്കരിച്ച് യാഥാർഥ്യമാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരുകളാണെന്നും പ്രകടന പത്രികയിൽ പറയുന്ന ന്യായ് പദ്ധതി, കാരുണ്യ ചികിത്സാ പദ്ധതി തുടങ്ങിയ നിരവധി ജനക്ഷേമ പദ്ധതികൾ യാഥാർഥ്യമാക്കുവാൻ യുഡിഎഫിന് വ്യക്തമായ വീക്ഷണമുണ്ടെന്നും രമേശ് ചെന്നിത്തല.
പേരാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂർ പഞ്ചായത്തിൽ നടത്തിയ സ്ഥാനാർഥി പര്യടനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില ഈ അഞ്ച് വർഷത്തിൽ ഒരു തവണ പോലും വർധിപ്പിച്ചിട്ടില്ല. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ കാർഷിക ഉത്പന്നങ്ങളുടെ സബ്സിഡി തുക പോലും നൽകുവാൻ എൽഡിഎഫ് സർക്കാർ തയാറായില്ല. യുഡിഎഫ് അധികാരത്തിൽ വന്യ ജീവി ആക്രമണം തടയാൻ വനാതിർത്തിയിൽ പൂർണമായും ആനമതിൽ നിർമിക്കും.
പരസ്യ കമ്പനികൾ സൃഷ്ടിക്കുന്ന അഭിപ്രായ സർവേകൾകൊണ്ട് പുകമറ സൃഷ്ടിക്കാൻ കഴിയില്ലെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അരിപ്പയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്, നേതാക്കളായ ജോർജ് കാനാട്, ഇബ്രാഹിം മുണ്ടേരി, ലിസി ജോസഫ്, സുരേഷ് ചാലറത്ത്, പി.കെ. ജനാർദ്ദനൻ, കെ.വേലായുധൻ, പി.സി.രാമകൃഷ്ണൻ, സുധീപ് ജയിംസ്, സാജു യോമസ്, ബൈജു വർഗീസ്, ജൂബിലി ചാക്കോ, മുഹമ്മദ് വിളക്കോട്, തോമസ് വർഗീസ്, ജയ്സൺ തോമസ്, ശരത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
previous post