ഇരിട്ടി : തിരഞ്ഞെടുപ്പിൽ ഹരിത ശുചിത്വം പാലിക്കുന്നതിനായുള്ള ബോധവൽക്കരണവുമായി ”അങ്കച്ചൂടിനൊരു ഹരിതക്കുട” എന്ന തെരുവ് നാടകവുമായി ജില്ലാ ശുചിത്വ മിഷൻ . പുതു തലമുറക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിനും പൂർണ്ണമായും ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുന്ന നാടകം ഇരിട്ടി പ്രഗതി കോളേജ് വിദ്യാർത്ഥികൾക്കുമുന്നിൽ ചൊവ്വാഴ്ച അവതരിപ്പിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി സംവിധാനം ചെയ്ത നാടകത്തിൽ മുരളിതന്നെ പ്രധാന വേഷവുമായി അരങ്ങിലെത്തുന്നു. നാടകാവതരണത്തിന്റെ ഉദ്‌ഘാടനം പ്രഗതിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ എം. രതീഷ് നിർവഹിച്ചു. ശുചിത്വമിഷൻ കോ ഓഡിനേറ്റർ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതചട്ട പാലനം സംശയങ്ങളും മറുപടിയും എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. പയ്യാവൂർ മാധവൻ മാസ്റ്റർ, മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.