കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് വരവുചെലവ് കണക്കുകള്‍ 26, 30, ഏപ്രില്‍ മൂന്ന് തീയതികളില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ പരിശോധിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ജില്ലാ ആസൂത്രണ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന് നടക്കുന്ന പരിശോധനയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാര്‍/അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍/ഏജന്റുമാര്‍ എന്നിവരാണ് പങ്കെടുക്കുക. പരിശോധനാവേളയില്‍ സ്ഥാനാര്‍ഥികള്‍ അവരുടെ ദൈനംദിന ചെലവുകള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍, കാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, ബന്ധപ്പെട്ട വൗച്ചര്‍ അല്ലെങ്കില്‍ ബില്‍, തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥിയുടെ പേരില്‍ തുടങ്ങിയ പ്രത്യേക ബാങ്ക് അക്കൗണ്ടിന്റെ അപ്ഡേറ്റ് ചെയ്ത (മാര്‍ച്ച് 25 വരെ രേഖപ്പെടുത്തിയ ഇടപാടുകള്‍) പാസ് ബുക്ക്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം.