തിരുവനന്തപുരം: കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വഴിയുണ്ടായ നഷ്ടം നികത്താനാണ് ലോക്ഡൗണിനു ശേഷം ബസ്ചാർജിൽ 25 ശതമാനം വർധന വരുത്തിയത്. എന്നാൽ നിയന്ത്രണങ്ങൾ ക്രമേണ നീക്കിയതോടെ യാത്രക്കാരെ കുത്തിനിറച്ചാണ് ബസുകൾ ഓടുന്നത്. എന്നിട്ടും കോവിഡ് കാലത്ത് വർധിപ്പിച്ച ബസ് ചാർജ് തന്നെയാണ് നിലവിലുള്ളത്. നിരക്ക് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി സന്നദ്ധത അറിയിച്ചിട്ടും സ്വകാര്യ ബസുകാരുടെ സമ്മർദ്ദം മൂലമാണ് സർക്കാർ നടപടി സ്വീകരിക്കാത്തത്. ദീർഘദൂര ബസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ കഴിയാത്തതിന്റെ കാരണവും ഉയർന്ന ടിക്കറ്റ് നിരക്കാണെന്ന് കെ.എസ്.ആർ.ടി.സി കണ്ടെത്തിയിരുന്നു. ദീർഘദൂര യാത്രക്കാരെ കൂട്ടം ചേർന്ന് കാറുകളിൽ പോകാൻ പ്രേരിപ്പിക്കുന്നതും ഉയർന്ന ടിക്കറ്റ് നിരക്ക് തന്നെയാണ്.