രാജ്യത്ത് ഒരു ഇടവേളയ്ക്കുശേഷം കോവിഡ് 19 കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് അനുസരിച്ച് 15 ദിവസത്തിനിടെ ഏഴുപത് ജില്ലകളിൽ 150 ശതമാനം കേസുകളാണ് വർധിച്ചിരിക്കുന്നത്.
16 സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് കോവിഡ് വർധിക്കുന്നതെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി. രാജ്യത്തെ കോവിഡ് കേസുകളിൽ 63 ശതമാനവും മഹാരാഷ്ട്രയിലാണ്. രോഗവ്യാപനം തടയാൻ മഹാരാഷ്ട്ര കർശന നടപടികൾ സ്വീകരിക്കുകയാണ്. പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,14,38,734 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
നിലവിൽ 2,34,406 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,741 പേർക്ക് രോഗമുക്തി ഉണ്ടാകുകയും ചെയ്തു. പുതിയതായി 188 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,59,044 ആയി ഉയർന്നു.