കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ താന്‍ തൃപ്തനല്ലെന്നും പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥികളെ വച്ച് മുന്നോട്ടുപോകാനേ ഇനി നിവൃത്തിയുള്ളൂവെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് എംപി. ഇക്കാര്യത്തില്‍ വ്യക്തിപരമായി ഒരാളെയും കുറ്റപ്പെടുത്തുന്നില്ല. പട്ടികയില്‍ ഒട്ടേറെ പോരായ്മയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവിലെ പട്ടികയില്‍ പ്രതീക്ഷയുണ്ട്. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ഇടതുപക്ഷത്തിന്റെ അഞ്ചുവര്‍ഷത്തെ തെറ്റായ ഭരണത്തിനെതിരേയാണു പോരാട്ടം- സുധാകരൻ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വന്നതോടെ തനിക്കു പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് ഇന്നലെ രാവിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാർഥിപ്പട്ടികയാണ് ഇപ്രാവശ്യത്തേതെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയതോടെ ഏറെ മയപ്പെടുത്തിയായിരുന്നു പിന്നീട് സുധാകരൻ പ്രതികരിച്ചത്.
സ്ഥാനാര്‍ഥിപ്പട്ടികയുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ നേതാക്കള്‍ ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നും ആ പ്രവര്‍ത്തനശൈലിയുടെ ഭാഗമായാണ് ഇരിക്കൂറിലെ പ്രശ്നത്തില്‍ എം.എം. ഹസനും കെ.സി. ജോസഫും ചര്‍ച്ചയ്ക്കെത്തിയതെന്നും ചര്‍ച്ച വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു. അഭിപ്രായങ്ങൾ പാർട്ടിയിലാണ് പറയേണ്ടതെന്നും മാധ്യമങ്ങളോടല്ലെന്നും അഭിപ്രായം തുറന്നുപറയുമെന്നും അതിനു ഭയമില്ലെന്നും സുധാകരൻ പറഞ്ഞു.