മുംബൈ: ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനു മാർഗ്ഗനിർദ്ദേശങ്ങൾ തേടി റിസേർവ് ബാങ്ക്. ടെക്നോളജി കമ്പനിയായ ഗൂഗിൾ,ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിജിറ്റൽ ലെൻഡേഴ്സ് അസോസിയേഷൻ (ഡി.എൽ.എ.ഐ),ഫിൻടെക് അസോസിയേഷനായ ഫെയ്‌സ്, ബാങ്കിതര വായ്പാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെല്ലാം ഇതിനായി നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്.
രാജ്യത്ത് വായ്പ ആപ്പുകൾ വഴി തട്ടിപ്പും വിവരച്ചോർച്ചയും മറ്റും നടന്ന പശ്ചാത്തലത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിലെ വായ്പാ ആപ്പുകളിൽ അടുത്തിടെ നടത്തിയ ഹിതപരിശോധനയിൽ ജനുവരിയിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ട നാനൂറിലധികം ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു.ഗൂഗിൾ ഒഴിവാക്കിയ ആപ്പുകളിൽ കൂടുതലും ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങളുടെ പിന്തുണയോടു കൂടി പ്രവർത്തിച്ചിരുന്ന ആപ്പുകളാണ്. നിലവിൽ ഡിജിറ്റൽ വായ്പകൾ റിസേർവ് ബാങ്കിന്റെ പരിധിയിൽ വരുന്നതല്ല. ഈ സാഹചര്യത്തിൽ എന്തെല്ലാം പ്രായോഗിക മാർഗങ്ങളാണ് ആ മേഖലയിൽ സ്വീകരിയ്ക്കാനാവുക എന്നതാണ് ആർ.ബി.ഐ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് ചോദിച്ചിരിക്കുന്നത്.ഇതിനകം വ്യവസായ ശാലകൾ നിർദ്ദേശങ്ങൾ സമർപ്പിച്ചതായാണ് വിവരം.
ഡിജിറ്റൽ വായ്പാ സംവിധാനത്തിന് സ്വയം നിയന്ത്രിത ചട്ടക്കൂട് തയ്യാറാക്കാനാണ് ഇവർ നിർദ്ദേശിച്ചിരിക്കുന്നത്. ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ജനുവരിയിൽ രൂപം നൽകിയ ആർ.ബി.ഐ പ്രവർത്തക സമിതിയാണ് വായ്പാ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനു മാർഗ്ഗനിർദ്ദേശം തേടിയിരിക്കുന്നത്.