ഇരിട്ടി: കർണാടക വനംവകുപ്പിന്റെ അന്തിമാനുമതി രണ്ടുമാസം മുന്പ് ലഭിച്ചതോടെ മുടങ്ങിക്കിടന്ന കൂട്ടുപുഴ പാലത്തിന്റെ മൂന്നാമത്തെ തൂണിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. പുഴയിൽ നിർമിക്കേണ്ട തൂണാണ് പൂർത്തിയാവുന്നത്.
കേരളത്തിന്റെ അധീനതയിൽ വരുന്ന രണ്ടു തൂണുകളുടെ നിർമാണം പൂർത്തിയാക്കി. പുഴ ഗതിമാറ്റി ഒഴുക്കി മൂന്നാമത്തെ തൂണിനായി കുഴിയെടുക്കുന്നതിനിടയിലാണ് അതിർത്തി തർക്കം ഉന്നയിച്ച് മൂന്നുവർഷം മുന്പ് കർണാടക വനംവകുപ്പ് നിർമാണം തടസപ്പെടുത്തിയത്. മന്ത്രിതലത്തിലും മറ്റും ചർച്ചകൾ നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമാകാഞ്ഞതോടെ മൂന്നുവർഷമായി നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടയിൽ കേരളത്തിന്റെ ഭാഗത്ത് നിർമിക്കേണ്ട പാലത്തിന്റെ ഉപരിതല വാർപ്പും പൂർത്തിയാക്കിയിരുന്നു. വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അംഗീകാരത്തോടെയാണു രണ്ടുമാസം മുന്പ് കർണാടക വനംവകുപ്പ് അനുമതി നലകിയത്. കെഎസ്ടിപിയുടെ നേതൃത്വത്തിലാണു പ്രവൃത്തി പുനഃരാരംഭിച്ചത്. നാലുമാസത്തിനകം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് നിർമാണത്തിനുള്ള രൂപരേഖ തയാറാക്കിയിട്ടുള്ളത്. മേയ് മാസത്തിൽ തുറന്നു കൊടുക്കാനുള്ള തരത്തിലാണു പ്രവൃത്തി പുരോഗമിക്കുന്നത്.
previous post