28.1 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • ഇനി മുതൽ ഷോറുമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി; പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകും…
Thiruvanandapuram

ഇനി മുതൽ ഷോറുമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി; പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകും…

തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകുമെന്നതാണ് പ്രധാന നേട്ടം. ഷോറൂമില്‍നിന്നു വാഹനം പുറത്തിറങ്ങുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും.

സോഫ്റ്റ് വെയറിൽ ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ നല്‍കുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക.

18 സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കുക. അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ (ടെസ്റ്റ് ഒഴികെ) സംസ്ഥാനത്ത് നേരത്തേതന്നെ ഓണ്‍ലൈനാക്കിയതാണ്. പ്രകടമായ മാറ്റം വരാന്‍പോകുന്നത് വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിലാണ്.

വില്‍ക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാര്‍ നിര്‍ബന്ധം. പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ട. വാങ്ങുന്നയാളിന് കൈമാറിയാല്‍ മതി. വസ്തു ഇടപാടില്‍ മുന്‍പ്രമാണങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാം. ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും.

വായ്പ പൂര്‍ണമായും അടച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കും. പകരം ഓണ്‍ലൈന്‍ അപേക്ഷ പരിഗണിച്ച് ഡിജിറ്റല്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസിലെത്തേണ്ട.

ഫിനാന്‍സ് കുടിശ്ശിക ഇല്ലെന്നതിനുള്ള തെളിവിനായി ഓണ്‍ലൈനില്‍ പരിശോധിക്കാം. വേണമെങ്കില്‍ ആര്‍.സി. വിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും. ചെക്കുപോസ്റ്റുകള്‍ ഓണ്‍ലൈനാക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. 15-ന് പരീക്ഷണ ഉപയോഗം തുടങ്ങും. ഓണ്‍ലൈനില്‍ പണമടച്ച് പെര്‍മിറ്റ് എടുക്കാം. ചെക്കുപോസ്റ്റുകളില്‍ പണമിടപാട് പൂര്‍ണമായും ഓണ്‍ലൈനാകും.

 

Related posts

സംസ്ഥാനത്ത് ആഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്ക് സാധ്യത.

Aswathi Kottiyoor

വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള അവസാന ദിവസം ഇന്ന്…

Aswathi Kottiyoor

ലോക്ക്ഡൗണ്‍ ലംഘനം; പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയലധികം രൂപ, ഒരാഴ്ചക്കിടെ റിക്കോർഡ് പിഴ…..

Aswathi Kottiyoor
WordPress Image Lightbox