കേളകം: ഫെയര്‍ ട്രേഡ് അലയന്‍സ് കേരള, സംയുക്ത കര്‍ഷക സമര സമിതി, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ വിത്ത് സത്യഗ്രഹ യാത്ര നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധമായി വയനാട്, കണ്ണൂര്‍, കാസഗോഡ് ജില്ലകളിലൂടെയാണ് യാത്ര. മാര്‍ച്ച് ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. ആറിന് വെള്ളരിക്കുണ്ടില്‍ സമാപിക്കും.
യാത്രാ ദിവസങ്ങളിൽ വൈകുന്നേരങ്ങളില്‍ കര്‍ഷക ഐകൃദാര്‍ഢ്യ സമിതി അംഗങ്ങളുടെ പങ്കാളിത്തത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക മഹാപഞ്ചായത്ത് സമ്മേളനങ്ങൾ നടത്തും. യാത്രയുടെ സ്വീകരണ സ്ഥലങ്ങളില്‍ മുഴുദിന വിത്ത് കൈമാറ്റ മേളകള്‍, നാട്ടു ചന്തകൾ എന്നിവയുമുണ്ട്.
പി.ടി.ജോണ്‍, അഡ്വ. വിനോദ് പയ്യട, അഡ്വ.ബിനോയ് തോമസ്, എന്‍.സുബ്രഹ്മണ്യന്, അഡ്വ. ഹരീഷ് വാസുദേവന്‍, മാനുവല്‍ പള്ളിക്കാമാലില്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പ്രസംഗിക്കും. യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ ഇവയാണ്. മാര്‍ച്ച് നാലിന് 9.30ന് -സുല്‍ത്താന്‍ ബത്തേരി, 1.30-പുല്‍പ്പള്ളി, അഞ്ചിന്-മാനന്തവാടി, മാര്‍ച്ച് അഞ്ച് 9.30ന്-കേളകം, 12.30ന് -പയ്യാവൂര്‍ 3.30ന് -കരുവന്‍ചാൽ. മാര്‍ച്ച് ആറ് 11ന്- പയ്യന്നൂര്‍, രണ്ടിന് -ചെറുപുഴ, നാലിന് വെള്ളരിക്കുണ്ട്.
ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ നേതൃത്വത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന വിത്തുത്സവം കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. വിത്തിന് മേലുള്ള പരമാധികാരം ഉയര്‍ത്തിപ്പിടിക്കേണ്ടതും വിത്ത് സ്വരാജ് എന്ന ആശയത്തെ ആവര്ത്തിച്ചുറപ്പിക്കേണ്ടതുമായ സന്ദര്‍ഭമാണ് രാജ്യത്തെ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കോ-ഓര്‍ഡിനേറ്റര്‍ തോമസ് കളപ്പുര, വി.ടി. ജോയി, ജോസഫ് കൊല്ലകര, ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.