റബര്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ചെയര്‍മാനായ കര്‍മ്മസമിതി കേന്ദ്ര സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വാഭാവിക റബ്ബറിനെ കാര്‍ഷിക വിളകളുടെ പട്ടികയില്‍പ്പെടുത്താനും താങ്ങുവില പദ്ധതിയില്‍ ഉള്‍പ്പെടുത്താനും റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും ആഭ്യന്തര വിപണിയില്‍ നിന്ന് റബര്‍ സംഭരിക്കാന്‍ റബര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ എ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൃഷി വകുപ്പ് അണ്ടര്‍ സെക്രട്ടറി പി ജയകുമാര്‍ സത്യവാങ്ങ്മൂലം നല്‍കിയത്.
റബറിന് താങ്ങുവില പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. റബ്ബര്‍ കര്‍ഷകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ സബ്‌സിഡി നല്‍കുന്നുണ്ടന്നും റബര്‍ കിലോഗ്രാമിന് കുറഞ്ഞത് 150 രൂപ ഉറപ്പാക്കിയിട്ടുണ്ടന്നും വില 200 രൂപയാക്കി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.