കണ്ണൂർ: ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റവന്യു, പോലീസ്, തദ്ദേശ സ്വയംഭരണം, മുന്‍സിപ്പല്‍ കോര്പറേഷന് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുളള കോവിഡ് വാക്സിനേഷന് ഇന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ്, ജനറല്‍ – ജില്ലാ – താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നല്‍കും. തെരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അവരവരുടെ വീടിനടുത്തോ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തോ ഉള്ള വാക്സിന് കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന് സ്വീകരിക്കേണ്ടതാണ്.
ആദ്യഘട്ടത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി കോവിന്‍ (https:// www. cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ ഉപയോഗിക്കാം.വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, ഫോട്ടോ പതിപ്പിച്ച മറ്റ് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന് കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.