കേളകം: കൊട്ടിയൂർ -വയനാട് ചുരം രഹിത പാതക്കായി ആവശ്യം ശക്തമാകുേമ്പാഴും ഫലപ്രദമായ നടപടി സ്വീകരിക്കാതെ അധികൃതർ. അപകട പാതയായ പാൽചുരം -ബോയ്സ് ടൗൺ റോഡിനെക്കാൾ പഴക്കമുണ്ട് പാൽചുരത്തിന് ബദൽ പാത എന്ന ആവശ്യത്തിന്. നിലവിലെ പാതക്ക് പകരം തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം -അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിമാർക്കും വകുപ്പ് മന്ത്രിമാർക്കും കാലങ്ങളായി നിവേദനം നൽകിയെങ്കിലും ഫലം സാധ്യതാപഠനങ്ങളിൽ മാത്രമായി ഒതുങ്ങി. അമ്പായത്തോട് നിന്ന് താഴേ പാൽചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമില്ല എന്നതാണ് ഇൗ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തിെൻറ സാന്നിധ്യം പദ്ധതിക്ക് തടസ്സമാകുന്നു.
പാൽചുരം പോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡ് പാത നിബിഡവനത്തിലൂടെയായിരിക്കും. കൂപ്പ് റോഡ് എന്ന പേരിൽ ഒരുവഴി ഇവിടെ ഉണ്ടായിരുന്നു.
പിന്നീട് ഉപയോഗിക്കാതായി. എന്നാൽ, 1973ൽ കൊട്ടിയൂർ പഞ്ചായത്തിെൻറ അപേക്ഷയിൽ കൊട്ടിയൂർ നിബിഢവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡു നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിനു സ്ഥലം പാട്ടത്തിനു നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമിച്ചു. സുരക്ഷ നിക്ഷേപമായി 898.75 രൂപ പഞ്ചായത്ത്, മാനന്തവടി ഡി.എഫ്.ഒ. ഓഫിസിൽ അടച്ചു. 12 നിബന്ധനകളടങ്ങിയ പാട്ടക്കരാറായിരുന്നു ഇത്.
8.300 കിലോമീറ്ററാണ് അമ്പായത്തോടു മുതൽ തലപ്പുഴ വരെ വനമുൾപ്പെടെ ബദൽ പാതയുടെ നീളം. 2009ൽ അന്നത്തെ വടക്കേവയനാട് എം.എൽ.എയായിരുന്ന കെ.സി. കുഞ്ഞിരാമൻ ഈ റോഡിനായി ഏഴുകോടി അനുവദിച്ചിരുന്നു.
2009 ജൂലൈ 17ലെ വയനാട് കലക്ടറുടെ ഉത്തരവു പ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്നും പറഞ്ഞിരുന്നു. ഈ റോഡിനായി 14 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ, തുക പാസായില്ല. പിന്നീട് പേരാവൂർ മണ്ഡലം പ്രതിനിധി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യത പഠനങ്ങൾ നടന്നിരുന്നു. 1360 മീറ്ററോളം നിബിഢവനത്തിലൂടെ നിർമിക്കേണ്ടി വരും എന്നതാണ് പാതയുടെ പ്രധാന തടസ്സം. നിലവിൽ മറ്റൊരു പാതയുള്ള സ്ഥലത്ത് വനത്തിലൂടെ പാതക്ക് അനുമതി വിഷമമാകുമെന്നതും പ്രതിസന്ധിയാണ്.
2018ൽ പ്രളയക്കെടുതികൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികളും കൊട്ടിയൂർ പഞ്ചായത്തും ചേർന്ന് ഇതു സംബന്ധിച്ച നിവേദനം സർക്കാറിനു സമർപ്പിച്ചിരുന്നു. നിബിഢവനം ഉൾപ്പെടുന്ന ഭാഗത്തിനു പകരമായി വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മറ്റു ഭാഗങ്ങൾ വനംവകുപ്പിനു വിട്ടു നൽകാൻ തയാറാണെന്നും അന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച തുടർ നടപടി ചുവപ്പുനാടയിൽ പെട്ടത് മിച്ചം. തെരഞ്ഞെടുപ്പ് കാലത്ത് ചൂട് പിടിക്കുകയും കഴിയുമ്പോൾ ചൂടാറുകയും ചെയ്യുന്ന ബദൽ പാത ചർച്ചകളിൽ നിന്നും വിട്ട് മാറാൻ ഭാവി വികസന സ്വപ്നങ്ങൾ നെയ്യുന്ന മലയോര ജനത തയാറല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നാളുകളിലും ചുരം രഹിതപാത ചർച്ചയാവും.