കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് അട്ടപ്പാടി ആസ്ഥാനമാക്കി നിലവിൽ വന്നു. അട്ടപ്പാടി ട്രൈബൽ താലൂക്കിന്റെ പ്രഖ്യാപനം റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. വി.കെ.ശ്രീകണ്ഠൻ എം.പി, എൻ.ഷംസുദ്ദീൻ എം.എൽ.എ, ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ എന്നിവരെ ബന്ധപ്പെട്ടതിനുശേഷമാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ താലൂക്ക് പ്രഖ്യാപനം നിർവഹിച്ചത്.
റവന്യു സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണർ കെ.ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ 192 ഊരുകളിലായി താമസിക്കുന്ന ആയിരക്കണക്കായ ആദിവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക്. മണ്ണാർക്കാട് താലൂക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തുള്ളവർക്ക് താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരാൻ 60 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു.
പരമ്പരാഗതമായ ജീവിത രീതിയും ശൈലിയും കാരണം ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇത്രയും ദൂരം സഞ്ചരിച്ച് അവർക്ക് ലഭിക്കേണ്ട സേവനങ്ങൾ നേടിയെടുക്കാനാവുന്നില്ല എന്ന യാഥാർത്ഥ്യം കണക്കിലെടുത്താണ് അട്ടപ്പാടിയിൽ ട്രൈബൽ താലൂക്ക് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. തഹസിൽദാരെ നിയമിച്ചുകൊണ്ട് താലൂക്കിന്റെ പ്രവർത്തനം ഉടനടി ആരംഭിക്കുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്.
previous post