31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം
Kerala

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാൻ ആഴക്കടൽ മത്സ്യബന്ധനയാനം നൽകുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ  പത്ത് മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗിൽനെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടം ഘട്ടമായി സുരക്ഷിതമായ യന്ത്രവല്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് കൊച്ചിൻ ഷിപ്പിയാർഡ് മുഖേനയാണ് നിർമ്മിച്ചു നൽകുന്നത്. ബോട്ട് നിർമ്മാണച്ചെലവ്, വല, ഇൻഷുറൻസ്, കടൽ സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ബോട്ടിന് 163.7 ലക്ഷം രൂപയാണ് ആകെ ചെലവ്. അതിൽ 48 ലക്ഷം രൂപ കേന്ദ്ര സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡിയാണ്. ബാക്കി തുക ബാങ്ക് വായ്പയായി ലഭ്യമാക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായ പത്ത് വീതം മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പിനെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിൽ മാമ്പള്ളി -നെടുങ്കണ്ട മത്സ്യത്തൊഴിലാളി സഹകരണ സംഘം, മര്യനാട് -പെരുമാതുറ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ചിറയിൻകീഴ് -മുതലപ്പൊഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം, വലിയതുറ തൊഴിലാളി സഹകരണ സംഘം എന്നീ മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക്  വിതരണം ചെയ്യും. കൊല്ലം ജില്ലയിൽ വെള്ളനാതുരുത്ത് -പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം, ജോനകപ്പുറം -മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം, കോഴിക്കോട് ജില്ലയിൽ പുതിയങ്ങാടി- എലത്തൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കൊല്ലം മൂടാടി- ഇരിങ്ങൽ മത്സ്യത്തൊഴിലാളി സഹകരണ സംഘം  എന്നിങ്ങനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു പുറമെ കൊല്ലം, എറണാകുളം ജില്ലകളിലായി ഓരോ ഗ്രൂപ്പുകളെക്കൂടി പദ്ധതിക്കായി തെരഞ്ഞെടുക്കും. എട്ട് മാസത്തിനുള്ളിൽ യാനങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
മത്സ്യബന്ധനോപകരണത്തിന്റെ ഉടമകളായി മത്സ്യത്തൊഴിലാളികളെ മാറ്റുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കായി ബീമാപള്ളിയിൽ 20 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. പൊന്നാനിയിൽ നൂറും വലിയതുറയിൽ 160 വീടുകൾക്ക് ഉടൻ തറക്കല്ലിടും. മാർച്ച് മുതൽ മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കൊല്ലം, പയ്യന്നൂർ എന്നിവിടങ്ങളിലായി കുഫോസിന്റെ രണ്ട് സെന്ററുകൾ ആരംഭിക്കാനും അനുമതിയായിട്ടുണ്ട്. ഇവ പിന്നീട് ഫിഷറീസ് കോളേജുകളായി ഉയർത്തും.
പ്രളയ, മഹാമാരി പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ മത്സ്യമേഖലയിൽ വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 12.7 ശതമാനം മത്സ്യസമ്പത്തിന്റെ ഉല്പാദന വളർച്ച നേടി. 4.8 ലക്ഷം മെട്രിക് ടണിൽ നിന്ന് 6.09 ലക്ഷം മെട്രിക് ടൺ ആയി മത്സ്യ ഉല്പാദനം വർധിച്ചതായും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പ്രസിദ്ധീകരണം മന്ത്രി പ്രകാശനം ചെയ്തു. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹാരോൾഡ്, ഫിഷറീസ് ജോയിന്റ് ഡയറക്ടർ സ്മിത എന്നിവർ സംബന്ധിച്ചു.

Related posts

ക്യാമറ തന്നെ നിയമലംഘനം; സ്വകാര്യത മാനിക്കാതെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം

Aswathi Kottiyoor

സ്വ​ർ​ണ വി​ല കൂ​ടി

Aswathi Kottiyoor

വൈദ്യുതിബിൽ കുടിശ്ശിക 3260 കോടി: തീർപ്പാക്കാൻ പലിശയിളവ്

Aswathi Kottiyoor
WordPress Image Lightbox