ഇരിട്ടി: മലയോരമേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം തടഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് എകെസിസി കുന്നോത്ത് ഫൊറോന യോഗം ആവശ്യപ്പെട്ടു. കർഷകരെയും കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇതര ജനങ്ങളെയും സംരക്ഷിക്കുന്നതിനു പകരം വനംവകുപ്പും വനപാലകരും നിരന്തരം അവരെ ഉപദ്രവിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗം ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ ഉദ്ഘാടനം ചെയ്തു. എകെസിസി മേഖല ഡയറക്ടർ ഫാ. തോമസ് ആമക്കാട്ട് അധ്യക്ഷത വഹിച്ചു. എകെസിസി അതിരൂപത സെക്രട്ടറി ചാക്കോച്ചൻ കാരാമയിൽ, ട്രഷറർ ബെന്നി പുതിയാംപുറം, ഫൊറോന പ്രസിഡന്റ് അൽഫോൻസ് കളപ്പുര എന്നിവർ പ്രസംഗിച്ചു. മാത്യു വള്ളോംകോട്ടിനെ പ്രസിഡന്റായും ഷിബു കുന്നപ്പള്ളിയെ സെക്രട്ടറിയായും ജോസ് വെട്ടിക്കാട്ടിലിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു.