കോവിഡ് പ്രതിരോധത്തിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടക തടയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ സംസ്ഥാനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവരാം. അത് പൊതുമാനദണ്ഡങ്ങൾ ലംഘിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം അന്തർസംസ്ഥാന യാത്രകൾക്ക് അനുമതി നൽകിയതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും തയാറാകണം. അല്ലെങ്കിൽ ജനങ്ങൾ ബുദ്ധിമുട്ടും. കർണാടകയുടെ ഈ സമീപനത്തിൽ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തർസംസ്ഥാനയാത്ര തടഞ്ഞതിന് ഒരു ന്യായീകരണവുമില്ല. ഒരു കാലത്ത് 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും ഉണ്ടായിട്ടും കർണാടകയിൽ നിന്നുള്ള യാത്ര കേരളം തടഞ്ഞിട്ടില്ല. കർണാടകയിലെ പത്തിലൊന്ന് ആളുകൾക്ക് പോലും കേരളത്തിൽ രോഗം വന്നിട്ടില്ല. കർണാടകയിൽ 30 പേർക്ക് രോഗം വരുമ്പോൾ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ റിപ്പോർട്ടിംഗ് സംവിധാനം മികച്ചതായതുകൊണ്ടാണ് ഉയർന്ന കണക്ക് വരുന്നത്.
കേരളത്തിൽ മൂന്ന് പേർക്ക് രോഗം വരുമ്പോൾ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളത്തിൽ കൂടുതൽ കേസുകളാണെന്ന പ്രതീതി വരാൻ കാരണം ഇതാണ്. ഇവിടെ രോഗം കാര്യക്ഷമമായി കണ്ടെത്തുന്നു. കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറവ് മരണനിരക്കുള്ള, കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികൾക്ക് മികച്ച പരിചരണം നൽകുന്ന കേരളത്തെ വസ്തുതകൾ മൂടി വച്ച് താറടിക്കാൻ ശ്രമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.