27.7 C
Iritty, IN
April 17, 2024
  • Home
  • Kerala
  • സ്ത്രീസുരക്ഷയിൽ കേരളത്തെ ഒന്നാമതെത്തിക്കും- മുഖ്യമന്ത്രി
Kerala

സ്ത്രീസുരക്ഷയിൽ കേരളത്തെ ഒന്നാമതെത്തിക്കും- മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയിൽ കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാൻ വൈകാതെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ ലിംഗസമത്വത്തിൽ കേരളം ഒരു പ്രകാശരേഖയെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ നിലവിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തെ അധികം വൈകാതെ ഒന്നാമതെത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോട്ടയ്ക്കകം ട്രാൻസ്്പോർട്ട് ഭവനിലെ വനിതാ വികസന കോർപ്പറേഷന്റെ നവീകരിച്ച ഓഫീസ് സമുച്ചയവും കോർപ്പറേറ്റ് ഓഫീസും ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല സാമൂഹിക സൂചികകളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീ സുരക്ഷയിലും ലിംഗസമത്വത്തിലും ഇതേ പദവി നിലനിർത്താനാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പടവുകളിലൂടെ അർഹമായ സാമൂഹിക പദവിയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 1988 മുതൽ വനിത വികസന കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. അതിനായി വിവിധ വായ്പാ പദ്ധതികൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ എന്നിവ നടത്തുന്നു. ഇതിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുൻധാരയിലെത്തിക്കാൻ ഒരു പരിധി വരെ സാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന് വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച  കൈത്താങ്ങ് കർമ്മസേന, വൺസ്റ്റോപ്പ് സെന്ററുകൾ, എന്റെ കൂട് പദ്ധതി, വനിത മിത്ര കേന്ദ്രങ്ങൾ എന്നിവ വൻ വിജയമായ പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാലയളവിൽ പത്ത് ലക്ഷത്തിലധികം വനിതകൾക്ക് വിവിധ സേവനങ്ങൾ നൽകാൻ വനിത വികസന കോർപ്പറേഷനായിട്ടുണ്ട്. സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസ്സുള്ളതുമാക്കി മാറ്റാൻ കൂടുതൽ പദ്ധതികളുമായി മുന്നേറാൻ വനിത വികസന കോർപ്പറേഷന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ കോർപ്പറേറ്റ് ഓഫീസിനു പുറമെ മേഖലാ ഓഫീസും റീച്ച് ഫിനിഷിംഗ് സ്‌കൂളുമാണ് പ്രവർത്തിക്കുക. ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ സ്വാഗതം പറഞ്ഞു.

Related posts

കണ്ണൂരിന്റെ ചിറകരിഞ്ഞ് കേന്ദ്രം; വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നിഷേധിച്ചു.

Aswathi Kottiyoor

*സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്.*

Aswathi Kottiyoor

സ്‌കൂൾ ഉച്ചഭക്ഷണ വിതരണം: പദ്ധതിവിഹിതം നൽകാൻ തടസവാദങ്ങളുമായി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox