ഭൂമിയുടെ പോക്കു വരവു നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം ഭൂമിയുടെ മാപ്പ് കൂടി ഭൂവുടമകൾക്കു ലഭിക്കുന്നതിനും റീസർവേ സംബന്ധിച്ച പരാതികളും അപേക്ഷകളും സമർപ്പിക്കുന്നതിനുമുള്ള ഇ മാപ്സ് എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷന്റെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ആദ്യഘട്ടമായി തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലും കോട്ടയം കടുത്തുരുത്തി വില്ലേജിലുമാണ് നടപ്പാക്കുക.
രണ്ടാംഘട്ടമായി സംസ്ഥാനത്തെ 86 വില്ലേജുകളിൽ നടപ്പാക്കും. നൂതന ജിയോ സാങ്കേതിക വിദ്യയായ കോർസ് സ്ഥാപിച്ചു രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലേയും മാപ്പുകൾ ഓണ്‍ലൈനായി ഭൂവുടമകൾക്കു ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഭൂരേഖാ പരിപാലനം ഓണ്‍ലൈൻ സംവിധാനത്തിലൂടെ നിർവഹിക്കുന്നതിനു തയാറാക്കിയിട്ടുള്ള ഇ മാപ്സ് (എഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ ഫോർ സർവേ) വെബ് സംവിധാനമാണ് ഇതിലുള്ളത്.