നവകേരള നിർമാണത്തിന് നിർദേശങ്ങളുമായി കായികരംഗത്തെ പ്രമുഖർ. കായികമേഖലയിലുള്ളവരുമായുള്ള സംവാദം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളുടെ അഭിപ്രായങ്ങൾ കേട്ട വ്യവസായ-കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ മറുപടി പറഞ്ഞു.
കായികരംഗത്ത് അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ നിരവധി നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സ്പോർട്സ് സ്ഥാപനങ്ങളുടെ ആസ്തികളും കായിക സാമഗ്രികളും പരിപാലിക്കുന്നതിന് പ്രത്യേക കോർപറേഷൻ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് ജോലി നൽകുന്ന നടപടി പുരോഗമിക്കുകയാണ്. നല്ല പരിശീലകരെ കണ്ടെത്തി കായികതാരങ്ങൾക്ക് മികച്ച പരിശീലനം ഉറപ്പാക്കും.
സ്‌കൂളുകളിൽ യോഗ പരിശീലിപ്പിക്കാൻ നടപടിയെടുക്കും. സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങളിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിലും വ്യാപിപ്പിക്കും. അതത് തദ്ദേശസ്ഥാപനങ്ങളിലെ കായികസ്ഥാപനങ്ങൾക്ക് ഈ ഏജൻസിയുമായി ബന്ധപ്പെടാനാകും. ഇത്തരത്തിൽ മികച്ച കായികതാരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനുമാകും.
നാലരവർഷത്തിനിടെ 43 മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങളാണ് കേരളത്തിൽ യാഥാർഥ്യമാകുന്നത്. 33 നീന്തൽകുളങ്ങളും സജ്ജമാകുകയാണ്. ജില്ലാ തലത്തിൽ സിന്തറ്റിക് ട്രാക്ക് ഉള്ള ഒരു കളിസ്ഥലമെങ്കിലും ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. കായികമേഖലയിലെ പ്രമുഖർ മുന്നോട്ടുവെച്ച നിർദേശങ്ങളും ആശയങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിൽ നിർമിക്കുന്ന കായിക ഭവന്റെ ശിലാസ്ഥാപനകർമവും മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു.
സെക്രട്ടറി എ. ഷാജഹാൻ, സ്പോർട്സ് ഡയറക്ടർ ജെറോമിക് ജോർജ്, കായികരംഗത്തെ പ്രമുഖരായ ഐ.എം. വിജയൻ, ഷൈനി വിൽസൻ, എസ്. ഗോപിനാഥ്, മയൂഖ ജോണി, മേഴ്സിക്കുട്ടൻ, സെബാസ്റ്റ്യൻ സേവ്യർ, ജോബി, ഡോ: ജി. കിഷോർ ഉൾപ്പെടെ 100 ഓളം പേർ സംബന്ധിച്ചു.