മട്ടന്നൂർ നഗരത്തിന്റെ സൗന്ദര്യവത്‌കരണം ഈ വർഷം നടപ്പാക്കുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. കെ.എസ്.ടി.പി. റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് നടപ്പുവർഷം സൗന്ദര്യവത്‌കരണ പദ്ധതി നടപ്പാക്കാൻ കഴിയാഞ്ഞത്. വിമാനത്താവള നഗരമെന്ന നിലയിലുള്ള സൗന്ദര്യവതകരണ പ്രവൃത്തികൾക്കായി 25 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
പോലീസ് സ്റ്റേഷൻ ബൈപാ സ് റോഡും ഈ വർഷം പൂർത്തിയാക്കും. ഇതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു. കല്ലൂരിൽ നിർമാണം തുടങ്ങുന്ന ഒരുലക്ഷം ലിറ്റർ മലിനജല സംസ്കരണ പ്ലാന്റിന്റെ പൂർത്തീകരണത്തിന് രണ്ടുകോടി രൂപ വകയിരുത്തി.
ബസ്‌സ്റ്റാൻഡിനോട് ചേർന്ന് 20 സെന്റ് സ്ഥലത്ത് ഡബിൾ ഡക്കർ സംവിധാനത്തോടെ ടാക്സി സ്റ്റാൻഡ് നിർമിക്കും. ഇതിനായി 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. പഴം-പച്ചക്കറി-മത്സ്യ-മാംസ മാർക്കറ്റിന് അടിസ്ഥാനസൗകര്യങ്ങൾക്കായി 10 ലക്ഷവും വകയിരുത്തി.
പി.എം.എ.വൈ-ലൈഫ് പദ്ധതിപ്രകാരം ഈ വർഷം 114 വീടുകൾകൂടി നിർമിക്കും. വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണ പദ്ധതിക്കായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
പുതിയ ബസ്‌സ്റ്റാൻഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ ഒരുകോടി രൂപ നീക്കിവെച്ചു. ബസ്‌സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി സ്റ്റാൻഡ് വിപുലീകരിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സർക്കാർ സഹായത്തോടെ ബൈപാസ് നിർമിക്കും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നഗരസഭയിലെ 15 കുളങ്ങൾ നവീകരിക്കും. ഇതിനായി അഞ്ചുകോടി രൂപ നീക്കിവെച്ചു.
മാലിന്യസംസ്കരണത്തിന് പൊറോറ ട്രഞ്ചിങ് മൈതാനം വിപുലീകരിക്കാൻ മൂന്നേക്കർ സ്ഥലം കൂടി ഏറ്റെടുക്കും. എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ സ്ഥാപിക്കും.
വൈസ് ചെയർമാൻ പി.പുരുഷോത്തമൻ ബജറ്റ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ അനിതാ വേണു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.കെ.സുരേഷ് കുമാർ, വി.പി.ഇസ്മായിൽ, എം.റോജ, പി.പ്രസീന, പി.പി.ഷാഹിന, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു