മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സും ഡ്യൂട്ടി ഫ്രീ ഷോപ്പും പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലേക്ക് വിദേശ വിമാനങ്ങളുടെ സർവീസിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണെന്നും അനുകൂല തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ വിമാനസർവീസുകൾ ആവശ്യമാണ്. കോവിഡ് ഏറ്റവുമധികം ബാധിച്ചത് വ്യോമയാന മേഖലയെയാണെന്നും കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയെ ഇച്ഛാശക്തിയോടെ നേരിട്ടതായും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി മുഖ്യാതിഥിയായിരുന്നു. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. കാർഗോ കോംപ്ലക്സ് തുറക്കുന്നതോടെ മലബാറിന്റെ എയർകാർഗോ ഹബ്ബായി കണ്ണൂർ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന്റെ ലാഭകരമായ നടത്തിപ്പിന് പോയിന്റ് ഓഫ് കോൾ പദവി അത്യാവശ്യമാണെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. വ്യോമയാന മന്ത്രിയോട് ഇതുൾപ്പടെയുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഉടൻ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശിലാഫലകം അനാച്ഛാദനം ചെയ്തു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.കെ.ശൈലജ, കിയാൽ എംഡി വി.തുളസീദാസ്, കാർഗോ സർവീസ് സെന്റർ ചെയർമാൻ തുഷാർ ജാനി, ജിഎംആർ ഗ്രൂപ്പ് സിഇഒ രാജേഷ് അറോറ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിതാ വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അനിൽ കുമാർ, കിയാൽ സിഒഒ താരീഖ് ഹുസൈൻ ഭട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ബംഗളൂരുവിലേക്കുള്ള ആദ്യ കാർഗോ ഇൻഡിഗോ എയർലൈൻസിന് ചടങ്ങിൽ കൈമാറി.