മട്ടന്നൂർ: മട്ടന്നൂർ ഗവ. പോളി ടെക്നിക് കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും വനിതാ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാംഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഒരു കോടി ആറ് ലക്ഷം രൂപ ചെലവിലാണ് വനിതാ ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കിയത്. വിമാനത്താവളത്തിന് സമീപത്തുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, കെ.സുധാകരൻ എംപി തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു, കൗൺസിലർ പി.റീത്ത, പ്രിൻസിപ്പൽ എം.സി.പ്രകാശൻ, ടി.രാജീവൻ എന്നിവർ പങ്കെടുത്തു.