കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ ട്രെയിന്‍ സംവിധാനം പൂര്‍ണമായും പൂര്‍വാവസ്ഥയില്‍ ആകൂവെന്ന് റെയില്‍വേ. കേരളത്തിലെ കോവിഡ് സ്ഥിതി പാസഞ്ചര്‍ സര്‍വീസുകള്‍ തുടങ്ങാന്‍ അനുയോജ്യമല്ലെന്നാണു ദക്ഷിണ റെയില്‍വേ അറിയിച്ചിരിക്കുന്നത്.
പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്നും റിസര്‍വേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രം യാത്രസൗകര്യമെന്ന നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ട് കേരള റെയില്‍ യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമാണെന്നാണു റെയില്‍വേ അധികൃതരുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രാലയത്തില്‍നിന്നു നിര്‍ദേശം വന്നതിനുശേഷമായിരിക്കും തുടര്‍നടപടികള്‍.
ജനറല്‍ കന്പാര്‍ട്ട്മെന്റുകള്‍ റെയിൽവേ വീണ്ടും തുടങ്ങാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ചെറിയ ദൂരങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. ഹ്രസ്വദൂര യാത്രയ്ക്കു പോലും ടിക്കറ്റ് റിസര്‍വ് ചെയ്യേണ്ടത് ഏറെ സാമ്പത്തിക ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. പെട്ടെന്നു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ടിക്കറ്റ് റിസര്‍വ് ചെയ്യണം എന്നത് ബുദ്ധിമുട്ടാണെന്നും യാത്രക്കാര്‍ പറയുന്നു.