തലശേരി: കോവിഡ് പ്രതിസന്ധിയിൽ നിന്ന് വ്യാപാര മേഖല ഉണരുന്നതിനിടെ അടിക്കടി ഉണ്ടാകുന്ന ഇന്ധന-പാചക വാതക വിലക്കയറ്റം ഹോട്ടലുകളുടെ നിലനില്പിനെ സാരമായി ബാധിക്കുന്നതായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. അച്ചുതൻ, സെക്രട്ടറി അബ്ദുൾ നാസർ മാടോൾ എന്നിവർ പറഞ്ഞു. ആറ് മാസത്തിനകം 500 രൂപയോളം പാചകവാതകത്തിന് കൂടി.1500 രൂപയാണ് നിലവിൽ നൽകുന്നത്. താങ്ങാനാവാത്ത വില വർധന ഉടൻ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും അസോസിയേഷൻ ആവശ്യപ്പെട്ടു.
ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന തട്ടുകടകൾ ഉൾപ്പെടെയുള്ള അനധികൃത വഴിവാണിഭക്കാരെ നിയന്ത്രിക്കണം. കോവിഡും ഷിഗല്ലയും പടരുന്ന സാഹചര്യത്തിൽ ഇത്തരം കച്ചവടങ്ങൾ നിർത്തലാക്കണമെന്നും സംഘടനാ ഭാരാവാഹികൾ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. അച്ചുതൻ എന്നിവർക്ക് ഇന്ന് ഹോട്ടൽ നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ സ്വീകരണവും അനുമോദനവും നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന സ്വീകരണ സമ്മേളനം സംസ്ഥാന ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ട്രഷറർ സി.സി.എം. മഷൂർ, വർക്കിംഗ് പ്രസിഡന്റ് കെ.പി. ഷാജി, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, രക്ഷാധികാരി എം.പി. ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.