ഇരിക്കൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂൾ വിദ്യാഭ്യാസം സാധ്യമല്ലാതായ സാഹചര്യത്തിൽ കുട്ടികളുടെ ഗണിതപഠനം ആസ്വാദ്യകരവും അനുഭവവേദ്യവുമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) യുടെ നേതൃത്വത്തിൽ ഇരിക്കൂർ ബിആർസി മുഖേന ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ‘വീട്ടിലൊരു ഗണിത ലാബ് ‘ എന്ന പേരിൽ പഠനക്ലാസ് നൽകും. ഇതിനായി അധ്യാപകർക്കുള്ള പരിശീലനം ഇരിക്കൂർ ബിആർസി ഹാളിൽ നടന്നു. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.പി. രമേശൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കമലാക്ഷൻ ചെറിയത്ത് അധ്യക്ഷത വഹിച്ചു. പഴയങ്ങാടി ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ ഇ.കെ. അജിത്ത് കുമാർ ആമുഖപ്രഭാഷണം നടത്തി. ആർപിമാരായ എം.കെ. ഉണ്ണിക്കൃഷ്ണൻ, ബി.ടി. ആഷിക്, ട്രെയ്നർ വി.കെ. സുഷിത, സിആർസി കോ-ഓർഡിനേറ്റർ സി.സി. പ്രജീന എന്നിവർ പ്രസംഗിച്ചു.