ഇരിട്ടി : ആധാരത്തിലുള്ളതുപോലെയും സ്ഥലത്തിന്റെ യഥാർത്ഥസ്ഥിതി അനുസരിച്ചും ഭൂമിയുടെ തരം നികുതി ചീട്ടിലും തണ്ടപ്പേർ അക്കൗണ്ടിലും ചേർക്കാതിരിക്കുന്നത് ഭൂമി രജിസ്‌ട്രേഷനെ ബാധിക്കുന്നതായി പരാതി. ഉളിയിൽ സബ്ബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുള്ള അയ്യങ്കുന്ന്, ആറളം, വിളമന വില്ലേജുകളിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകളിലാണ് കര ഭൂമി മുഴുവനായും പുരയിടം എന്ന് ചേർത്തു നൽകുന്നത്. ഇതേ തുടർന്ന് കുന്നിൻപ്രദേശത്തുള്ള സ്ഥലത്തിനും റോഡ് സൗകര്യമുള്ളതും ഇല്ലാത്തതു മായ തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കുമെല്ലാം ഹൗസ് പ്ലോട്ടിന്റെ വിലയ്ക്ക് അനുസൃതമായ മുദ്ര പത്രവും ഫീസും അടയ്ക്കേണ്ടി വരുന്നുണ്ട്.
യഥാർത്ഥത്തിൽ കൊടുക്കുന്ന വിലയേക്കാൾ ആധാരത്തിൽ തുക കാണിക്കേണ്ടിവരുന്നത് ഭൂമി വാങ്ങാതിരിക്കുന്നതിനും ചെയ്ത ഇടപാടുകൾ ഉപേക്ഷിച്ചു പോകുന്നതിനും കാരണമാവുകയാണ് . ഇത് സർക്കാരിന് ഭീമമായ റവന്യു നഷ്ടമാണ് വരുത്തി വെക്കുന്നത്. ഓരോ ഇടപാടിനും പരാതി നൽകുക പ്രയോഗികമല്ലാത്തതിനാൽ കര ഭൂമി ഇപ്പോൾ ഉള്ള ഉപയോഗത്താലുള്ള തരം തിരിവ് അനുസരിച്ച് നികുതി ചീട്ടിലും തണ്ടപ്പേർ അക്കൗണ്ടിലും ഭൂമിയുടെ തരംചേർത്തു നൽകാൻ റവന്യു അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംസ്ഥാന വിഭജത്തിന് മുൻപുള്ള മലബാർ ജില്ലയിൽ 1930 മുതൽ 33 വരെ നടത്തിയ റീസർവേ പ്രകാരം സ്ഥിരം പുഞ്ച, അസ്ഥിര പുഞ്ച, നഞ്ച ഒന്ന്, നഞ്ച് രണ്ട്, തോട്ടം, നികെ (നികുതി കെട്ടാത്ത സ്ഥലം) എന്നിങ്ങനെയാണ് രേഖ പ്പെടുത്തിയിരുന്നത്. തെക്കൻ ജില്ലകളിലെ പുരയിടം എന്ന പ്രയോഗം ഇല്ലായിരുന്നു. ആധാറുമായി ലിങ്കുചെയ്ത് കംപ്യൂട്ടർ വൽ്ക്കരണം നടത്തുമ്പോൾ ഒരു സർവേ നമ്പറിൽ ഒരു വീടെങ്കിലും ഉള്ളിടത്ത് കര ഭൂമി കണക്കാക്കി പുരയിടം എന്നു ചേർക്കുന്നതാണ് പ്രതിസന്ധി തീർക്കുന്നത്. സർക്കാർ നേരത്തെ നിശ്ചയിച്ച പട്ടിക പ്രകാരം പഞ്ചായത്തുകളിൽ ഏറ്റവും കൂടിയ ന്യായ വില പുരയിടത്തിനാണ്. മറ്റു തരങ്ങളിലുള്ള ഭൂമി പുരയിടം എന്നാക്കുമ്പോൾ ഇടപാടുകാരനു നഷ്ടം വരുകയാണ്. കംപ്യൂട്ടർ സോഫ്റ്റുവെയറിൽ പഴയ മലബാർ ജില്ലയിലെ ഭൂമിയുടെ തരം പ്രത്യേകമായി ചേർക്കാത്തതിനാൽ ഓട്ടോമാറ്റിക്കായി പുരയിടം എന്നു ചേർത്തു വരുകയാണെന്നും പറയുന്നു.
എന്നാൽ പൊതു പരാതിയായി ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും വ്യക്തിഗതമായി ലഭിച്ച ചില പരാതികൾ പരിശോധിച്ചു വരുന്നതായും ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ അറിയിച്ചു. പ്രശ്‌നം സർവേ വിഭാഗത്തിന്റെ ശ്രദ്ധയിലും പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂമിയുടെ തരം മാറ്റി ചേർക്കൽ പ്രശ്‌നം പരിഹരിക്കണം – ആധാരം എഴുത്ത് അസോസിയേഷൻ
ഇരിട്ടി : റീസർവ്വെ നടക്കുന്ന അയ്യൻകുന്ന് വില്ലേജിൽ ബി ടി ആറിലും സെറ്റിൽമെന്റ് രജിസ്റ്ററിലും ഭൂമി ഇപ്പോൾ ഉപയോഗിക്കുന്നതനുസരിച്ചുള്ള തരം ചേർക്കാൻ നടപടി എടുക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ലക്ഷ്മി, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്ബാബു കല്യാടൻ, എ.ഇ. സന്തോഷ്‌കുമാർ, വി. പ്രഭാകരൻ, എൻ.വി. മുകുന്ദൻ, ഉഷാകുമാരി മഞ്ഞാടിയിൽ, കെ.എൻ. രത്നാകാരൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എൻ. അനൂപ് സ്വാഗതവും വി.ദാമോദരൻ നന്ദിയും പറഞ്ഞു.
ഭൂമിയുടെ ന്യായവിലയിലെ അപാകതകളും ക്ലാസിഫിക്കേഷൻ ചേർക്കുന്നതിൽ ഉള്ള അപാകതകളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഉടൻ പരിഹാരം കാണണമെന്നും ആധാരംഎഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം.പി. മനോഹരൻ ആവശ്യപ്പെട്ടു.
ജില്ലയിലെ പല വില്ലേജുകളിലും ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. മലയോരമേഖലയിൽ 1930 കളിൽ റീ സർവ്വെ ചെയ്തപ്പോൾ എഴുതിവെച്ച വിവരങ്ങളാണ് ഇപ്പോഴും സർട്ടിഫിക്കറ്റുകളിൽ ചേർത്ത് നൽകുന്നത്. ജില്ലയിലെ എല്ലാ വില്ലേജുകളിലും റീ സർവ്വെ നടത്തി നിലവിലുള്ള കൈവശത്തിനനുസരിച്ച് സർവ്വെ റിക്കാർഡുകളിൽ കൃത്യതവരുത്തണം. കൂടാതെ ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിഹരിച്ച് ശാസ്ത്രീയമായ രീതിയിൽ പരിഷ്‌ക്കരിക്കണമെന്നും ആധാരംഎഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്‌കുമാറും ആവശ്യപ്പെട്ടു.