തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. ഫെബ്രുവരി 1 മുതലാണ് തീയറ്ററിലെ എല്ലാ സീറ്റുകളിലും ആളെ കയറ്റാമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തിറക്കി.
കാത്തിരിപ്പ് കേന്ദ്രങ്ങളിലും പുറത്തും പൊതു ഇടങ്ങളിലും ആളുകൾ തമ്മിൽ 6 അടിയെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം. മുഖാവരണം നിർബന്ധം. ടച്ച് ഫ്രീ മോഡിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ വാതിലുകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിക്കണം. തുപ്പുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. ആരോഗ്യ സേതു ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണം. ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം എന്നിങ്ങനെയാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.
ഇടവേളകളിൽ കൂട്ടം കൂടാൻ പാടില്ലെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇടവേളകളിൽ പുറത്തിറങ്ങാതിരുന്നാൽ നല്ലത്. തിരക്ക് കൂട്ടാതെ പുറത്തിറങ്ങാനും വരാനുമായി ഇടവേള സമയം നീട്ടാവുന്നതാണ്. ആൾകൂട്ടം ഒഴിവാക്കാൻ മൾട്ടിപ്പിൾ സ്ക്രീനും ഉപയോഗിക്കാം. ഓരോ ഷോയ്ക്ക് ശേഷവും തീയറ്റർ സാനിറ്റസി ചെയ്യണം.