ഇരിട്ടി : ഖേലോ-ഇന്ത്യ യൂത്ത് ഗെയിംസില്‍ മെഡല്‍ക്കൊയ്ത്തുമായി പാലപ്പുഴ പഴശ്ശിരാജാ കളരി അക്കാദമി. ജൂണ്‍ 4 മുതല്‍ 13 വരെ ഹരിയാനയിലെ പഞ്ചഗള്ളിയില്‍ ടാവു ദേവിലാല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ചു നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ 4 മെഡലുകളാണ് കേരളത്തിന് വേണ്ടി പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ നേടിയത്. ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇവര്‍ നേടിയത്.
ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഖേലോ ഇന്ത്യ ഗെയിംസില്‍ കളരിപ്പയറ്റിന്റെ ടെക്‌നിക്കല്‍ ഓഫീഷ്യലുമായ പി.ഇ. ശ്രീജയന്‍ ഗുരിക്കളുടെ ശിക്ഷണത്തിലാണ് പഴശ്ശിരാജ കളരി അക്കാദമിയിലെ കായികതാരങ്ങള്‍ മെഡലുകള്‍ കരസ്ഥമാക്കിയത്.
അനശ്വര മുരളീധരന്‍ (മെയ്പ്പയറ്റ് സ്വര്‍ണം), അനശ്വര മുരളീധരന്‍ & കീര്‍ത്തന കൃഷ്ണ (കെട്ടുകാരിപ്പയറ്റ്, വാള്‍പ്പയറ്റ്-വെള്ളി), ഇ.നയന (മെയ്പ്പയറ്റ് വെങ്കലം), കെ.കെ. അയന (ചവിട്ടിപൊങ്ങല്‍ വെങ്കലം) എന്നിങ്ങനെയാണ് മെഡലുകള്‍ നേടിയത്.
കഴിഞ്ഞ 13 വര്‍ഷമായി പഴശ്ശിരാജ കളരി അക്കാദമിയില്‍ പി.ഇ. ശ്രീജയന്‍ ഗുരിക്കളുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നൂറോളം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കി വരുന്നത്. കഴിഞ്ഞ 8 വര്‍ഷമായി ജില്ലാ-സംസ്ഥാന ദേശീയ മത്സരങ്ങളിലെ സ്ഥിരം വിജയികളാണ് പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍. കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ ഇവിടുത്തെ താരങ്ങള്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനം ഉള്‍പ്പെടെയുള്ള വേദികളിലും പ്രകടനം കാഴ്ചവെച്ചിരുന്നു.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മികച്ച നേട്ടം കൊയ്ത പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ക്ക് 16 ന് 4.30 ന് മുഴക്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും.