കണ്ണൂർ: ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിച്ച വായ്പാ സമ്പർക്ക മേളയിൽ 165 കോടി വായ്പ അനുവദിച്ചു. 3400 വായ്പകളിലായാണ് ഈ തുക ബാങ്കുകൾ അനുവദിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് ഫിനാൻഷ്യൽ സർവീസസ് വകുപ്പ് നിർദ്ദേശ പ്രകാരം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിലാണ് വായ്പാ സമ്പർക്ക മേള സംഘടിപ്പിച്ചത്. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു.
ബാങ്കുകൾ ജനങ്ങളിലേക്ക് എന്ന സന്ദേശത്തോടെ നടത്തിയ മേളയിൽ ജില്ലയിലെ ദേശസാൽകൃത -സ്വകാര്യ-ഷെഡ്യൂൾഡ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ 20 ഓളം സ്റ്റാളുകളാണ് ഒരുക്കിയത്. വിവിധ വായ്പ പദ്ധതികളെക്കുറിച്ച് അറിയാനുള്ള അവസരം ഒരുക്കുകയും വായ്പാ സമ്മത പത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു. ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ കാനറ ബാങ്ക് എജിഎം എ.യു. രാജേഷ്, നബാർഡ് ഡിഡിഎം ജിഷി മോൻ, കേരള ഗ്രാമീൺ ബാങ്ക് ജിഎം ഇന്ദുശ്രീ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി.ഒ. ഗംഗാധരൻ, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് കെ.ടി. ജയചന്ദ്രൻ, ഡോ. പി. ജയരാജൻ, ഷിബു, കെ.പി. രവീന്ദ്രൻ, കെ.സുജിത്ത് ബാബു, ടി.കെ. രമേഷ്, ജില്ലയിലെ വിവിധ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
previous post