പേരാവൂർ: ടൗണിൽ ഇടക്കിടെയുണ്ടാവുന്ന വൈദ്യുതി മുടക്കം ഒഴിവാക്കാൻ ചെവിടിക്കുന്ന് ഫീഡർ കേന്ദ്രീകരിച്ച് എ.ബി (എയർ ബ്രെയ്ക്കർ) സ്വിച്ച് അനുബന്ധ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് കെ.എസ്.ഇ.ബി അധികൃതർക്ക് നിവേദനം നല്കി.
ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും മരചില്ലകൾ വെട്ടിമാറ്റുമ്പോഴും പേരാവൂർ ടൗണിൽ വൈദ്യുതി ഓഫ് ചെയ്യുന്നത് പതിവാണ്. ഇത് മൂലം വ്യാപാരികളും തിയേറ്റർ അടക്കമുള്ള വ്യവസായികളും വർക്ക് ഷോപ്പ് ജീവനക്കാരുമടക്കം ടൗൺ കേന്ദ്രീകരിച്ചുള്ള സ്ഥാപന ഉടമകളും ജീവനക്കാരും ബുദ്ധിമുട്ടിലാവുകയാണ്.
ചാണപ്പാറ സബ് സ്റ്റേഷനിൽ നിന്ന് ചെവിടിക്കുന്ന് വരെ ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തിച്ച് ഫീഡർ സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത ഫീഡറിൽ എയർ ബ്രൈക്കർ സ്ഥാപിച്ച് പേരാവൂർ ടൗൺ, കുനിത്തല, ബംഗളക്കുന്ന്, ചെവിടിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ മുടക്കമില്ലാതെയും കൃത്യമായ വോൾട്ടേജിലും വൈദ്യുതി വിതരണം ചെയ്യണമെന്നാണ് യു.എം.സിയുടെ ആവശ്യം.
ഇക്കാര്യത്തിൽ അവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി തൊണ്ടിയിൽ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ മനോജ് പുതുശേരി നിവേദക സംഘത്തിന് ഉറപ്പ് നല്കി. ചേമ്പർ ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, കെ.എം. ബഷീർ, ബേബി പാറക്കൽ, വി.കെ. രാധാകൃഷ്ണൻ, വി.കെ. വിനേശൻ എന്നിവരാണ് നിവേദനം നല്കിയത്.