24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിരവധി വനിതകളുടെ കൂടി പോരാട്ടത്തിന്റെ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം
Kerala

നിരവധി വനിതകളുടെ കൂടി പോരാട്ടത്തിന്റെ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം

നിരവധി ധീര വനിതകളുടെ കൂടി പോരാട്ടത്തിന്റെയും ത്യാഗത്തിന്റേയും ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. അറിയപ്പെടുന്നവരെ പോലെ തന്നെ അറിയപ്പെടാത്ത നിരവധി വനിതകളും ഇതിൽ പങ്കാളികളായി. ഇന്ത്യയിലാകെ ഇത്തരത്തിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുണ്ട്. കേരള നിയമസഭയിൽ നടക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിലെ ശിൽപശാലയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വനിതകളുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്തത്.
ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വനിതകളാണ് സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതെന്ന് ശിൽപശാലയിൽ സംസാരിച്ച ലോക്സഭ മുൻ അംഗം സുഭാഷിണി അലി പറഞ്ഞു. ബംഗാളിൽ നിന്നുള്ള 21 വയസുകാരിയായ പ്രീതി ലത, കൽപന ദത്ത്, നാനിബാല ദേവി, ബസന്തിദേവി, ബീനാദാസ്, പഞ്ചാബിൽ നിന്നുള്ള ദുർഗാഭാഭി എന്നിവർ അവരിൽ ചിലർ മാത്രമാണ്. ദളിത് കമാൻഡറായ വേലുനാച്ചിയാരെയും ഓർക്കേണ്ടതുണ്ട്. ഇവരെല്ലാം അസാധാരണ ധൈര്യമുണ്ടായിരുന്ന സാധാരണ സ്ത്രീകളായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയുടെ കടന്നുവരവോടെ നിരവധി സ്ത്രീകൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ഇന്ത്യൻ നാഷണൽ ആർമിയിൽ തമിഴ്, മലയാളി പെൺകുട്ടികൾ ധൈര്യപൂർവം കടന്നുവന്ന് നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി. എന്നാൽ സ്വതന്ത്ര ഇന്ത്യ ഇവരിൽ പലരേയും മറന്നയായി സുഭാഷിണി അലി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൽ ആസാം വനിതകൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് ആസാമിൽ നിന്നുള്ള എം. എൽ. എ നന്ദിതദാസ് ശിൽപശാലയിൽ വിശദീകരിച്ചു. ഏൽപ്പിക്കുന്ന ഏതൊരു ജോലിയും ഭംഗിയായി നിർവഹിക്കാൻ വനിതകൾക്ക് കഴിയുമെന്ന് ബിഹാറിൽ നിന്നുള്ള എം. എൽ. എ പ്രമിത കുമാരി പറഞ്ഞു. പഞ്ചാബിലെ വനിതാ സ്വാതന്ത്ര്യ സമര സേനാനികളുടെ വിശദാംശങ്ങളാണ് പഞ്ചാബിൽ നിന്നുള്ള അൻമോൽ ഗഗൻ മാൻ എം. എൽ. എ പങ്കുവച്ചത്. ശിൽപശാലയിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി മോഡറേറ്ററായിരുന്നു. സി. കെ. ആശ എം. എൽ. എയും പങ്കെടുത്തു.

Related posts

യുപി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

Aswathi Kottiyoor

ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങി; കുനോ ഉദ്യാനത്തിൽ വിലസും

Aswathi Kottiyoor

ഒമ്പതാണ്ടിനിപ്പുറവും ദിയ ഫാത്തിമ കാണാമറയത്ത്

Aswathi Kottiyoor
WordPress Image Lightbox