കണ്ണൂർ: എരഞ്ഞോളി മൂസ ഫൗണ്ടേഷന്റെ പ്രഥമ എരഞ്ഞോളി മൂസ പുരസ്കാരം പ്രശസ്ത സിനിമാ പിന്നണി ഗായകൻ കെ.ജി. മർക്കോസിന്. 25000 രൂപയും മെമെന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. 25ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടക്കുന്ന എരഞ്ഞോളി മൂസ അനുസ്മരണ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ജൂറി അംഗം ഫൈസൽ എളേറ്റിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകരെ അണിനിരത്തി ഗാനമേളയും അന്ന് നടക്കും. സിനിമ-ലളിതഗാന-ഭക്തിഗാന രംഗത്തും മാപ്പിള പാട്ട് രംഗത്തും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് കെ.ജി. മർക്കോസിനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ജൂറിയംഗം ഫൈസൽ പറഞ്ഞു. കലാ-സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരായ വി.ടി. മുരളി, ആലങ്കോട് ലീലാകൃഷ്ണൻ, കണ്ണൂർ ഷരീഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. പത്രസമ്മേളനത്തിൽ കെ.കെ. അബ്ദുൽ സലാം, നവാസ് കച്ചേരി, കെ.പി.യു. അലി, കണ്ണൂർ മമ്മാലി എന്നിവർ പങ്കെടുത്തു.