തിരുവനന്തപുരം∙ ശമ്പളം നല്‍കിയിട്ടും കെഎസ്ആര്‍ടിസിയില്‍ സമരം തുടര്‍ന്ന് സിഐടിയു. ഈ മാസം 28ന് പ്രഖ്യാപിച്ച സൂചനാ പണിമുടക്കില്‍ മാറ്റമില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. തൊഴിലാളിക്ക് എപ്പോഴെങ്കിലും ശമ്പളം നല്‍കിയാല്‍ മതിയെന്ന നിലപാടാണ് പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ യൂണിയനുകളുമായി ചര്‍ച്ച നടത്തും. ജല അതോറിറ്റിയിലും സിഐടിയു സമരം തുടരുകയാണ്.18 ദിവസത്തെ കാത്തിരിപ്പിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നലെ രാത്രിയോടെ ശമ്പളം കിട്ടി. പക്ഷേ പ്രതിസന്ധിക്കോ ഇടത് യൂണിയന്റെ സമരത്തിനോ അവസാനമാവുന്നില്ല. കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് ചൊവ്വാഴ്ചയും സിഐടിയു കെഎസ്ആര്‍ടിസി ആസ്ഥാനം ഉപരോധിച്ചു. 28ന് പ്രഖ്യാപിച്ച പണിമുടക്ക് നടത്തുമെന്നും ആവര്‍ത്തിച്ചു.
സര്‍ക്കാരില്‍നിന്ന് 30 കോടിയുടെ സഹായവും ബാങ്കില്‍നിന്ന് 45 കോടി ഓവര്‍ഡ്രാഫ്റ്റും എടുത്താണ് മാര്‍ച്ചിലെ ശമ്പളം കൊടുത്തത്. 10 ദിവസം കൂടി കഴിഞ്ഞാല്‍ ഇനി ഏപ്രിലിലെ ശമ്പളം കൊടുക്കണം. വീണ്ടും കടം വാങ്ങുകയല്ലാതെ മറ്റ് വഴിയില്ല. അതിനാല്‍ എല്ലാ മാസവും 5–ാം തീയതി ശമ്പളം കിട്ടുമെന്ന് ഉറപ്പ് നല്‍കണമെന്നതാണ് സിഐടിയു സമരം തുടരാനുള്ള പ്രധാനകാരണം.