സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മറൈൻഡ്രൈവിൽ ആരംഭിക്കുന്ന സഹകരണ എക്സ്‌പോയ്‌ക്ക് തിങ്കളാഴ്ച തുടക്കമാകും. രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്‌പോ ഉദ്‌ഘാടനം ചെയ്യും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും.
സ്റ്റാളുകൾ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 18 മുതൽ 25 വരെ നടക്കുന്ന മേളയിൽ 60,000 ചതുരശ്ര അടിയിലായി 210 പവിലിയനുകൾ ഒരുക്കിയിട്ടുണ്ട്. 8000 ചതുരശ്ര അടിയിൽ ഭക്ഷണവൈവിധ്യങ്ങളുമായി ഫുഡ്കോർട്ടും സജ്ജമാണ്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.വിവിധ ദിവസങ്ങളിലായി സെമിനാറുകൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. മികച്ച സ്റ്റാളുകൾ ഒരുക്കുന്ന സഹകരണസംഘങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷത്തിലധികംപേർ എക്സ്‌പോ കാണാൻ എത്തുമെന്നാണ് സംഘാടകർ കരുതുന്നത്.