ജില്ലാ പഞ്ചായത്തിന്റെയും ഉളിക്കൽ പഞ്ചായത്തിന്റെയും സഹകരണത്തോടെ വയോജനങ്ങൾക്കായി പകൽ വീടൊരുക്കി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ്.
ആധുനിക നിലവാരത്തിൽ നിർമിച്ച വയോജന വിനോദ വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉളിക്കൽ പഞ്ചായത്തിന്റെ നാല് ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. കൂടാതെ ജനകീയ പരിശ്രമത്തിൽ വൈദ്യുതീകരണം ഉൾപ്പെടെ പൂർത്തിയാക്കി മികച്ച നിലവാരത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ രണ്ടാം നില പൂർണമായും ശീതീകരിച്ച ഹാൾ ആണ്. മാട്ടറയിൽ സന്നദ്ധരായ വയോജനങ്ങളുടെ സഹകരണത്തോടെയാണ് ഹാൾ ശീതീകരിച്ചത്. മരിച്ച മാതാപിതാക്കളുടെ സ്മരണക്കായി മക്കളുടെ സ്പോൺസറിലാണ് ഹാളിലേക്ക് ഫർണിച്ചറുകൾ എത്തിച്ചത്. ഒന്നാം നിലയിൽ ടെലിവിഷൻ, കാരംസ്, ചെസ് ഉൾപ്പെടെ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാതാപിതാക്കൾക്കായി പുതുതലമുറ ഒരുക്കിയ “ലൈബ്രറി ഫോർ ഡിയറസ്റ്റ് പേരൻസ് ‘ സ്ഥാപനത്തിലെ മുഖ്യആകർഷണമാണ്. മുറ്റത്ത് പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. “പകൽവീട്” എന്ന് പേരിട്ട സ്ഥാപനം വാർഡ് മെംബർ സരുൺ തോമസിന്റെ നേതൃത്വത്തിൽ ജനകീയ പരിശ്രമത്തിലാണ് പൂർത്തീകരിച്ചത്.
കെട്ടിടത്തിന്റെ ജനകീയ നിർമാണ പ്രവർത്തനങ്ങൾക്ക് വാർഡ് മെംബർ സരുൺ തോമസ്, മാത്യു പുളിക്കാട്ട്, സെബാസ്റ്റ്യൻ മുണ്ടിയാനിയിൽ, മാത്യു മറ്റത്തിനാനി, അഗസ്റ്റിൻ നാലോലിക്കൽ, ചാക്കോ കൊണ്ടാട്ടുകുന്നേൽ, ജോയ് തെക്കേമുറി എന്നിവരാണ് നേതൃത്വം നൽകിയത്. പകൽവീടിന്റെ ഭാഗമായി ഹെൽത്ത് ക്ലബ് ആരംഭിച്ചതിലേക്ക് അധ്യാപിക ഡെയ്സി മുണ്ടിയാനിയിൽ വർഷത്തിൽ ഒരു മാസത്തെ പെൻഷൻ നൽകും. നിർധനരായവർക്ക് ചികിത്സാ സഹായം നൽകാൻ തുക ഉപയോഗിക്കും. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ രജത ജൂബിലി ഹാൾ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഫോർ ഡിയറസ്റ്റ് പേരൻസ് ഉദ്ഘാടനം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു, കെട്ടിടത്തിന് പണം അനുവദിച്ച മുൻ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, സിജി മംഗലത്ത്കരോട്ട്, സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കുമാരൻ, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് സുകുമാരൻ, ചാക്കോ ഇളംതുരുത്തിപടവിൽ, സെബാസ്റ്റ്യൻ മുണ്ടിയാനി, വാർഡ് മെംബർ സരുൺ തോമസ്, മാത്യു പുളിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
previous post