24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • *പാർടി കോൺഗ്രസ് ഇന്ന് തുടങ്ങും
kannur

*പാർടി കോൺഗ്രസ് ഇന്ന് തുടങ്ങും

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ ഇന്ന് തുടക്കമാകും. ഇനി അഞ്ചുനാൾ കണ്ണൂരാകും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം.പൊതുസമ്മേളനവേദിയായ ജവഹർ സ്‌റ്റേഡിയത്തിലെ എ കെ ജി നഗറിൽ സംഘാടകസമിതി ചെയർമാനും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വ വൈകിട്ട്‌ ഏഴിന്‌ പതാക ഉയർത്തി. സംഘാടകസമിതി ജനറൽ കൺവീനറായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം പതിനായിരങ്ങൾ പതാക ഉയർത്തലിൽ പങ്കെടുത്തു. പൊതുസമ്മേളന നഗരിയിൽ കൊടിമരം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും പതാക കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനും ഏറ്റുവാങ്ങി.
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ കയ്യൂരിൽനിന്ന് പുറപ്പെട്ട കൊടിമരജാഥയും വയലാറിൽനിന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌ നയിച്ച പതാകജാഥയും കണ്ണൂർ കാൾടെക്‌സ്‌ ജങ്‌ഷനിൽ സംഗമിച്ചു. സംഘാടകസമിതി ട്രഷറർ എം വി ജയരാജന്റെ നേതൃത്വത്തിൽ വരവേറ്റു. ജനസഹസ്രങ്ങൾ ചെങ്കടലാക്കിയ വീഥിയിലൂടെ ജാഥ പൊതുസമ്മേളന നഗരിയിലേക്ക്‌ നീങ്ങി. അശ്വാരൂഢസേനയുടെ അകമ്പടിയിൽ, ചെങ്കൊടിയേന്തിയ വനിതകൾ, ചുവപ്പുസേനാ ബാൻഡ്‌ സംഘം, വിപ്ലവ ഗായകസംഘം, അത്‌ലീറ്റുകൾ, ബൈക്ക്‌ റാലി എന്നിവ അണിനിരന്നു.

കണ്ണൂർ ബർണശേരി ഇ കെ നായനാർ അക്കാദമിയിലെ നായനാർ നഗറിൽ *ഇന്ന് രാവിലെ ഒമ്പതിന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പതാക ഉയർത്തും*. 10ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ്‌ ഉദ്‌ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. വൈകിട്ട്‌ നാലിന്‌ രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന്‌ പൊതുചർച്ച തുടങ്ങും.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ്‌ പങ്കെടുക്കുന്നത്‌. ചൊവ്വാഴ്‌ച പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന്‌ പാർടി കോൺഗ്രസിലെ നടപടിക്രമങ്ങൾ അംഗീകരിച്ചു.

812 പ്രതിനിധികൾ
സമരത്തീച്ചൂളയിൽ പൊരുതിയ അനുഭവവുമായാണ്‌ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പ്രതിനിധികൾ പാർടി കോൺഗ്രസിന്‌ എത്തിയത്‌. 25 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചൊവ്വ വൈകിട്ടോടെ കണ്ണൂരിൽ എത്തിച്ചേർന്നു. 17 പൊളിറ്റ്‌ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. കൂടുതൽപേർ കേരളത്തിൽനിന്നാണ്‌–- 178. പശ്ചിമബംഗാളിൽനിന്ന്‌ 163 പേരും ത്രിപുരയിൽനിന്ന്‌ 42 പേരുമുണ്ട്‌. ഗോവ, ആൻഡമാൻ എന്നിവിടങ്ങളിൽനിന്ന്‌ ഓരോ പ്രതിനിധി.

ജനകീയാവശ്യങ്ങൾ ഉയർത്തി നടത്തിയ പോരാട്ടങ്ങളിൽ പ്രവർത്തകർക്ക്‌ ജീവൻ നഷ്ടപ്പെട്ടതും പരിക്കുപറ്റിയതുമടക്കം ഒട്ടനവധി ത്യാഗഗാഥകളാണ്‌ കണ്ണൂരിലെത്തിയവർക്ക്‌ പറയാനുള്ളത്‌.
ഹരിയാന, പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ തുടങ്ങി സംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയവർ ഉത്തരേന്ത്യയിലെ വളർച്ച തെളിയിക്കുന്നു. കർഷകരുടെയും സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ഉയർത്തി ഹരിയാനയിൽ നടന്ന അത്യുജ്വല പ്രക്ഷോഭങ്ങളിലൂടെ ലക്ഷക്കണക്കിനുപേരുടെ പിന്തുണയാണ്‌ സിപിഐ എമ്മിനും ഇടതുപ്രസ്ഥാനങ്ങൾക്കും ലഭിക്കുന്നത്‌.

ജാതീയ ഉച്ചനീചത്വത്തിനും സാമൂഹ്യ അസമത്വത്തിനുമെതിരായ പോരാട്ടമാണ്‌ തമിഴ്‌നാട്ടിലും കർണാടകത്തിലും പാർടിയെ വർധിച്ച ജനസ്വാധീനത്തിലേക്ക്‌ എത്തിക്കുന്നത്‌. രണ്ടു നിരീക്ഷകരടക്കം 52 പേർ തമിഴ്‌നാട്ടിൽനിന്ന്‌ പങ്കെടുക്കുന്നുണ്ട്‌. 13 പേരാണ്‌ കർണാടകത്തിൽനിന്ന്‌ ഉള്ളത്‌ .

Related posts

ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ; നിയമസഭാ സമ്മേളനത്തിന് തുടക്കം

Aswathi Kottiyoor

‘എന്റെ കേരളം’ സർക്കാർ സേവനങ്ങൾ കുടക്കീഴിലാക്കി

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ കോളേജ് കാമ്പസ് എന്ന ആവശ്യം ശക്തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox