30.4 C
Iritty, IN
October 6, 2024
  • Home
  • Delhi
  • നേരിട്ട് യുദ്ധത്തിനില്ല: ബൈഡൻ; യുക്രെയ്ൻ മേയറെ ‘തട്ടിയെടുത്ത്’ റഷ്യൻ സംഘം
Delhi

നേരിട്ട് യുദ്ധത്തിനില്ല: ബൈഡൻ; യുക്രെയ്ൻ മേയറെ ‘തട്ടിയെടുത്ത്’ റഷ്യൻ സംഘം


വാഷിങ്ടൻ ∙ യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നും ബൈഡൻ പറഞ്ഞു. ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ശനിയാഴ്ച 17-ാം ദിവസത്തിലേക്കു കടന്നു.

നാറ്റോ സഖ്യത്തിന്റെ പരിധിയിലുള്ള ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും യുക്രെയ്നിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പരാജയപ്പെടുമെന്നും ബൈഡൻ പറഞ്ഞു. യുക്രെയ്നെതിരെ റഷ്യ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബൈഡൻ, അപ്രകാരം ചെയ്താൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി. റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രെയ്ൻ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.അതേസമയം, യുക്രെയ്നിലെ മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിയെടുത്തതായി റിപ്പോർട്ടുണ്ട്. പത്തംഗ സംഘമാണു മേയർ ഇവാൻ ഫെ‍ഡ്‌റോവിനെ തട്ടിക്കൊണ്ടു പോയതെന്നു യുക്രെയ്ൻ പാർലമെന്റ് ട്വിറ്ററിൽ അറിയിച്ചു. സൈന്യവുമായി സഹകരിക്കാൻ അദ്ദേഹം വിസമ്മതിച്ചെന്നും കുറിപ്പിൽ പറയുന്നു.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. സംഭാഷണം 49 മിനിറ്റ് നീണ്ടു. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പുതിയ നടപടികളും ചർച്ച ചെയ്തതായി സെലെൻസ്കി അറിയിച്ചു. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തൽ ബൈഡന് നൽകിയതായും സമൂഹമാധ്യമങ്ങളിലൂടെ സെലെൻസ്കി അറിയിച്ചു.

യുക്രെയ്നിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനുള്ള തുടർനടപടികൾ ബൈഡനമായി ചർച്ച ചെയ്തതെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവിന്റെ സമീപനഗരങ്ങൾ പലതും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. വടക്കുള്ള ചെർണീവ്, തെക്കുള്ള മൈക്കലേവ് തുടങ്ങിയ നഗരങ്ങൾ പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചു ജനങ്ങളെ ഒഴിപ്പിക്കാ‍ൻ വഴിയൊരുക്കുന്നതു സംബന്ധിച്ച ഭിന്നത മൂലം തുർക്കിയിൽ നടന്ന യുക്രെയ്ൻ–റഷ്യ സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു.

4 ലക്ഷം പേർ കുടുങ്ങിക്കിടക്കുന്ന മരിയുപോളിൽനിന്നുൾപ്പെടെ ജനങ്ങളെ ഒഴിപ്പിക്കാൻ വെടിനിർത്തണമെന്ന ആവശ്യം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് നിഷ്കരുണം തള്ളിയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ സാമ്പത്തിക യുദ്ധം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ ഉപരോധങ്ങൾക്കു മറുപടിയായി തിരിച്ചും ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചനയും റഷ്യ നൽകി. റഷ്യൻ പ്രകൃതിവാതകത്തെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ പ്രഖ്യാപനം.

Related posts

*ആർ വാല്യു ഒന്നിനു മുകളിൽ; വേഗം കൂടി കോവിഡ് വ്യാപനം.*

Aswathi Kottiyoor

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ സര്‍ക്കാര്‍ പാനല്‍

Aswathi Kottiyoor

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ

Aswathi Kottiyoor
WordPress Image Lightbox