കണ്ണൂർ: ആകാശകാഴ്ചകൾ കണ്ട് വാനിൽ പറക്കാൻ പാരാസൈലിംഗ്, കടലിനെയറിഞ്ഞ് ധർമടം തുരുത്തിലൂടെ ബോട്ട് യാത്ര, ട്രക്കിംഗ് തുടങ്ങി സാഹസിക ടൂറിസത്തെ ഇഷ്ടപെടുന്നവർക്കായി ഡിടിപിസിയുടെ സഹകരണത്തോടെ സാഹസിക കൂട്ടായ്മയായ അഡ്രേനോ അഡ്വഞ്ചേഴ്സിന്റെ പുതിയ സാഹസിക സംരംഭം സ്കൈ ഹന്ഡേര്സ് ഇന്ന് മുതൽ മുഴപ്പിലങ്ങാട് ബീച്ചിൽ സംഘടിപ്പിക്കും. 20 വരെയാണ് പരിപാടി. പാരസൈലിംഗ്, സീഷോര്‍ ട്രക്കിംഗ്, ഐലന്‍ഡ് വിസിറ്റ് തുടങ്ങിയ സാഹസിക പരിപാടികളാണ് നടത്തുക. ഇന്നു വൈകുന്നേരം മൂന്നിന് കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി സ്ത്രികൾക്കായി 19 ന് ഷീ ക്യാംപിംഗ് സംഘടിപ്പിക്കും. ഓരേ സമയം 30 പേർക്ക് താമസിക്കാവുന്ന ടെന്റ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. എൻസിസി, എൻഎഎഫ് എന്നിവർക്ക് പ്രവേശനം സൗജന്യമായിരിക്കും. കെ.വി അനൂപ്, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, ടി. ജിതിന്‍രാജ്, മൊയ്സ് സഫർ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.