അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാർഷ് അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. ക്വീൻസ്‌ലൻഡിലെ ബുണ്ടാബെർഗിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ഇത്. തൊട്ടുപിന്നാലെ റോയൽ അഡ്‌ലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ചികിത്സയിലായിരുന്നു.14 വർഷത്തോളം നീണ്ട രാജ്യാന്തര കരിയറിൽ 96 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്ററും മാർഷാണ്. ഓസ്ട്രേലിയയ്ക്കായി 92 ഏകദിന മത്സരങ്ങളും കളിച്ചു.
ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരുടെ ഗണത്തിൽ ഉൾപ്പെടുന്നയാളാണ് റോഡ് മാർഷ്. 1984ൽ വിരമിക്കുമ്പോൾ മാർഷ് ടെസ്റ്റിൽ മാത്രം 355 പുറത്താക്കലുകളിൽ പങ്കാളിയായിരുന്നു. ഇത് അക്കാലത്തെ റെക്കോർഡാണ്. ഇപ്പോഴും ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചർ (55), ഓസ്ട്രേലിയക്കാരായ ആദം ഗിൽക്രിസ്റ്റ് (416), ഇയാൻ ഹീലി (395) എന്നിവർക്കു പിന്നിൽ നാലാമത് റോഡ് മാർഷാണ്.