യുക്രെയ്നിനിലെ ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കർണാടക ഹവേരി സ്വദേശിയായ നവീൻ എസ്.ജി. (21) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. നാലാംവർഷ മെഡിക്കൽ വിദ്യാർഥിയാണ് നവീൻ.
റഷ്യൻ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട നഗരങ്ങളിലൊന്നാണ് യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ്. ഇന്നലെ സമാധാന ചർച്ചകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെയും റഷ്യ ഖാർകീവിൽ ആക്രമണം നടത്തിയിരുന്നു. യുക്രെയ്നിലെ വിവിധ നഗരങ്ങളിലായി 16,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അടിയന്തരമായി സുരക്ഷിതമായി രാജ്യം വിടാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് റഷ്യയിലെയും ഉക്രെയ്‌നിലെയും അംബാസഡർമാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന മുന്നറിയിപ്പ് ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിയവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്. കിയവ് ലക്ഷ്യമിട്ട് റഷ്യ വൻ സേനാവിന്യാസം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 64 കിലോമീറ്റർ നീളത്തിൽ റഷ്യൻ സൈനികവ്യൂഹം സഞ്ചരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു