27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • വലുപ്പം നോക്കണ്ട: റോഡിലെ കുഴി കരാറുകാരന്റെ ബാധ്യത
Thiruvanandapuram

വലുപ്പം നോക്കണ്ട: റോഡിലെ കുഴി കരാറുകാരന്റെ ബാധ്യത

തിരുവനന്തപുരം ∙ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി രണ്ടര ചതുരശ്ര മീറ്ററിൽ കുറഞ്ഞ വിസ്തീർണമുള്ള കുഴിയാണ് ഉണ്ടാകുന്നതെങ്കിൽ അതു റോഡ് കരാറുകാർ അടയ്ക്കണം. സ്വാഭാവികമായുണ്ടാകുന്ന കുഴിയുടെ ഗണത്തിൽ ഇനി ഇതും ഉൾപ്പെടും. പൊതുമരാമത്ത് വകുപ്പ് പുതുതായി തുടങ്ങിയ ‘റണ്ണിങ് കരാർ’ സംവിധാനത്തിലാണ് എല്ലാ ചെറിയ കുഴികളുടെയും ബാധ്യത കരാറുകാരനെ ഏൽപിച്ചത്.

സ്വകാര്യ ഏജൻസികളുടെ പ്രവൃത്തി കാരണമുണ്ടായ കുഴിയാണെങ്കിലും രണ്ടര ചതുരശ്ര മീറ്ററിൽ താഴെയെങ്കിൽ റണ്ണിങ് കരാറുകാർ അടയ്ക്കണം. ഇതുവരെ ജല അതോറിറ്റിയുടെ കുഴികൾ ഒരുമിച്ചു ടെൻഡർ ചെയ്ത് അടയ്ക്കുന്ന രീതിയാണ് മരാമത്തു വകുപ്പിലുണ്ടായിരുന്നത്. റോഡിൽ മാർഗതടസ്സമുണ്ടാക്കുന്നതെന്തും നീക്കം ചെയ്യേണ്ടതു റണ്ണിങ് കരാറുകാരുടെ ചുമതലയാണ്. വ്യവസ്ഥകൾ ധനവകുപ്പ് അംഗീകരിച്ചു.

നിർമാണക്കരാറുകാർ നടത്തേണ്ട അറ്റകുറ്റപ്പണിയുടെ കാലാവധി (ഡിഫക്ട് ലയബിലിറ്റി പീരിയഡ്– ഡിഎൽപി) അവസാനിച്ച 143 റോഡുകൾക്കാണ് (ആകെ 3122.91 കിലോമീറ്റർ) റണ്ണിങ് കരാർ നൽകുന്നത്. ഒരു വർഷമോ അതിൽ താഴെയോ ആകാം കാലാവധി. 187.05 കോടി രൂപയാണു ചെലവു കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടമായി 74 റോഡുകളുടെ ടെൻഡർ പൂർത്തിയായി. ഒരാഴ്ചയ്ക്കകം ഈ റോഡുകളിൽ കരാർ നിലവിൽ വരും.

മറ്റ് പ്രധാന വ്യവസ്ഥകൾ

∙ സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതു മൂലം റോഡപകടമുണ്ടായാൽ ഉത്തരവാദി കരാറുകാർ.

∙ കുഴിയെക്കുറിച്ച് വിവരം ലഭിച്ചാൽ 24 മണിക്കൂറിനകം അറ്റകുറ്റപ്പണി തുടങ്ങണം. ഇല്ലെങ്കിൽ ആ പണിക്കു ചെലവാകുന്ന തുകയുടെ 10 % പിഴയടയ്ക്കണം. 10 തവണയിൽ കൂടുതൽ സമയം തെറ്റിച്ചാൽ കരാർ റദ്ദാകും.

∙ അറ്റകുറ്റപ്പണി നടത്താത്തതു മൂലം മരാമത്തു വകുപ്പിന് എന്തു നഷ്ടമുണ്ടായാലും കരാറുകാരിൽ നിന്ന് ഈടാക്കും.

∙ ഒരു തവണ അടച്ച കുഴി 6 മാസത്തിനകം വീണ്ടും രൂപപ്പെട്ടാൽ കരാറുകാരൻ സ്വന്തം ചെലവിൽ അടയ്ക്കണം. പൈപ്പ് പൊട്ടലിന് ഇതു ബാധകമല്ല.

∙ അറ്റകുറ്റപ്പണിയിൽ 5 തവണയിൽ കൂടുതൽ വീഴ്ച വരുത്തിയ കരാറുകാരനെ ഭാവിയിൽ റണ്ണിങ് കരാറിനു പരിഗണിക്കില്ല.

∙ ഉപകരാർ നൽകാൻ അധികാരമില്ല

∙ കുഴിയില്ലാത്ത റോഡ് റണ്ണിങ് കരാറുകാരന്റെ ഉത്തരവാദിത്തമാണ്.

Related posts

ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി

Aswathi Kottiyoor

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോമിയോ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ചികിത്സ പ്രോട്ടോക്കോൾ പുതുക്കണമെന്ന് ആവശ്യം….

ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം.

Aswathi Kottiyoor
WordPress Image Lightbox