കണ്ണൂർ: പ്രഥമ കണ്ണൂർ ജില്ലാ ഒളിന്പിക്സ് ഗെയിംസിന് ഇന്ന് തുടക്കമാകും. രാവിലെ ഒൻപതിന് മുനിസിപ്പൽ ഹൈസ്കൂളിൽ ഡോ.വി.ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ ഒളിന്പിക്സ് ചെയർമാൻ സി.കെ.സദാനന്ദൻ അധ്യക്ഷത വഹിക്കും.
മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയാകും. ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി. ലേഖയെ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷ്ണർ ആർ.ഇളങ്കോ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിന്പിക്സ് ഗെയിംസിൽ പങ്കെടുക്കാൻ ജില്ലയിൽ പ്രതിനിധീകരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. 24 കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
ഗെയിംസിന് തുടക്കം കുറിച്ചുള്ള വിളംബരജാഥ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി ഫ്ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക് കമ്മിറ്റി ചെയർമാൻ സി.കെ. സദാനന്ദൻ ,വർക്കിംഗ് ചെയർമാൻ ഷാഹിൻ പള്ളിക്കണ്ടി , ജനറൽ കൺവീനർ ഡോ. പി.കെ. ജഗന്നാഥൻ ട്രഷറർ യു.പി.ഷിബിൻ കുമാർ , ഗെയിംസ് കോ-ഓർഡിനേറ്റർ പി.പി. മുഹമ്മദലി, ടെക്നിക്കൽ ചെയർമാൻ ഡോ. പി.ടി. ജോസഫ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ മഹേഷ് ചന്ദ്ര ബാലിഗ സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ എം.വി. രാമകൃഷ്ണൻ, മീഡിയ കമ്മിറ്റി ചെയർമാൻ എ. ജോഗേഷ് വിവിധ സംഘടനയുടെ സെക്രട്ടറിമാർ, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു. കാനനൂർ സൈക്ലിംഗ് ക്ലബ് അംഗങ്ങളുടെ സൈക്കിൾ റൈഡും നടന്നു.
ടേബിൾ ടെന്നീസ് 15 മുതൽ; തയ്ക്വാൻഡോ 16 ന്
കണ്ണൂർ: ടേബിൾ ടെന്നീസ് മത്സരങ്ങൾ 15,16 തിയതികളിൽ മുണ്ടയാട് മിലേനിയം ടേബിൾ ടെന്നീസ് അക്കാഡമിയിൽ നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളിൽ മാത്രമായുള്ള മത്സരത്തിൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാം. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർ തിരുവനന്തപുരത്ത് ഫെബ്രുവരി 15 മുതൽ 24 വരെ നടക്കുന്ന സംസ്ഥാന മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടും. 12ന് മുമ്പായി എൻട്രികൾ ഓൺലൈനായി ലഭിക്കണം. താത്പര്യമുള്ള മത്സരാർഥികൾ 9447238131 എന്ന നമ്പറിൽ ബന്ധപ്പെടുക.
തയ്ക്വാൻഡോ മത്സരം 16 ന് കണ്ണൂർ ജിവിഎച്ച്എസ്എസിൽ (സ്പോർട്സ്) നടക്കും. എട്ട് ഭാരവിഭാഗങ്ങളിലായി പുരുഷ-വനിതാ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. 10 ന് മത്സരം ആരംഭിക്കും.
ഇന്നത്തെ മത്സരങ്ങൾ
(ബ്രായ്ക്കറ്റിൽ വേദി)
ഹാൻഡ് ബോൾ (ജിഎച്ച്എസ്എസ്,വയക്കര)
കബഡി (ജിവിഎച്ച്എസ്, കണ്ണൂർ)
കരാത്തെ (ജിവിഎച്ച്എസ്, കണ്ണൂർ)
ഖോ-ഖോ (കണ്ടോത്ത്, പയ്യന്നൂർ)
ടെന്നീസ് (ടെന്നീസ് കോർട്ട്, കണ്ണൂർ)
വുഷു (ജിവിഎച്ച്എസ്, കണ്ണൂർ)